പീറ്റ് സാംപ്രാസും അന്ദ്രേ ആഗസിയും അടക്കിവാണിരുന്ന ടെന്നീസ് മൈതാനങ്ങളിലേക്ക് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ നീട്ടി വളർത്തിയ സ്വർണ്ണ മുടിക്കാരനായ ഒരാൾ കടന്നു വരികയുണ്ടായി. മെലിഞ്ഞ ശരീര പ്രകൃതമുള്ള അവനെ ആദ്യം ആരും തന്നെ അത്രകണ്ട് ഗൗനിച്ചിരുന്നില്ല. 2001 വിമ്പിൾഡൺ 29 കാരനും ലോക ഒന്നാം നമ്പർ താരവുമായ പീറ്റ് സാംപ്രാസ് അഞ്ചാം തവണയും നേടുമെന്ന് പ്രവചിച്ചവരെ ഞെട്ടിച്ച് കൊണ്ട് ആദ്യമായി അവൻ ടെന്നീസ് കോർട്ടിലെ വരവറിയിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ടൂർണമെന്റ് ഫേവറേറ്റിനെ മടക്കി അയച്ച ആ 19 കാരന് ലോകം പിന്നീട് 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന വിളിപ്പേര് നൽകുകയുണ്ടായി. അവനായിരുന്നു റോജർ ഫെഡറർ എന്ന ഇതിഹാസം.
ആദ്യ കാലങ്ങളിൽ വളരെ അഗ്ഗ്രസീവ് ടെന്നീസ് കളിച്ച് കൊണ്ടിരുന്ന അവന്റെ കളി ശൈലിയും സ്വഭാവ രീതികളും വളരെ പെടുന്നനെയാണ് മാറി മറിഞ്ഞത്. 17-ാം വയസിൽ തന്റെ കോപം നിയന്ത്രിക്കാനാവാതെ ഒരു മനശാസ്ത്ര വിദഗ്ദന്റെ ഉപദേശം തേടിയ അവൻ തന്റെ കളിയിലും സ്വഭാവ രീതികളിലും അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. തന്റെ അക്രമണോത്സുകത പൂർണ്ണമായും അവൻ തന്റെ കളി മികവുകളിലേക്ക് പകർന്ന് മാറ്റി. ആന്ദ്രേ ആഗസിയുമായുള്ള ദുബായ് ഓപ്പണിലുള്ള സെമി ഫൈനൽ മത്സരത്തിൽ ഒരു നെറ്റ് പ്ലെയിൽ ഫെഡററെ പൂർണ്ണമായും നിഷ്പ്രഭമാക്കുമെന്ന് വിചാരിച്ചിടത്തു നിന്നും അസാമാന്യമായ ഒരാങ്കിളിൽ അഗാസിയുടെ തലയ്ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് അതിലും അസാധ്യമായ രീതിയിൽ ബീറ്റൺ ചെയ്ത രംഗം ഒരു ഫെഡറർ ഫാനിനും മനസ്സിൽ നിന്നും മാഞ്ഞ് പോകാൻ ഇടയുണ്ടാവില്ല.
ടെന്നീസ് മൈതാനങ്ങളിൽ ക്രോപ്പ് ചെയ്ത സ്വർണ്ണ മുടിയും ഹെഡ് ബാൻഡും അണിഞ്ഞു നിൽക്കുന്ന അവനെ കാണാൻ തന്നെവല്ലാത്തൊരു ചന്തമായിരുന്നു.
ക്ലാസും പവറും സമന്വയിപ്പിച്ച ശൈലിയായിരുന്നു ഫെഡറർ എന്ന വിസ്മയം എന്നും പിൻതുടർന്നത്. ഒരു മാന്ത്രികന്റെ കൈവഴക്കത്തോടെ ടെന്നീസ് മൈതാനങ്ങളിൽ അയാൾ കവിതകൾ രചിച്ചു. തന്റെ എലഗന്റ് ടച്ചുകളും സ്ലയ്സുകളും കൊണ്ട് എതിരാളികളെയും കാണികളെയും അയാൾ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. വന്യമായ ഷോട്ടുകൾക്ക് മുതിരാതെ എതിരാളികളുടെ പൊസിഷനുകൾ കൃത്യമായി മനസ്സിലാക്കി ഒരു ഗണിതജ്ഞനെ പോലെ അയാൾ പന്തുകളെ കൃത്യമായ വേഗതയിലും സ്ഥാനങ്ങളിലും പ്ലേസ് ചെയ്ത് നിഷ്പ്രഭമാക്കിക്കൊണ്ടിരുന്നു. മറ്റ് കളിക്കാരുടെ റ്റൂ ഹാൻഡഡ് ബാക്ക് ഹാൻഡുകൾക്ക് ഫെഡററുടെ സുന്ദരമായ വൺ ഹാൻഡഡ് ബാക്ക് ഹാൻഡ് മറുപടികൾ കണിശതയുള്ളതും മനോഹരവുമായിരുന്നു. അപ്പോഴേക്കും അസാമാന്യമായ ആങ്കിളുകളാലും സ്പിന്നിംഗ് ഷോട്ടുകളാലും സ്ലൈസുകളാലും വോളികളാലും കൃത്യതയാർന്ന സ്പിന്നിംഗ് സർവ്വീസുകളാലും അയാൾ കാണികള പ്രിയപ്പെട്ടവനായി അവരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയിരുന്നു. സർവീസ് റിട്ടേണുകൾക്കായി SABR എന്ന ഒരു ശൈലി തന്നെ റോജർ കൊണ്ടുവന്നു. അയാളുടെ ഓരോ പോയിന്റുകൾക്കും മാന്യതയുടെ പര്യായമായ ടെന്നീസ് കാണികൾ കരഘോഷങ്ങൾ ചൊരിഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടേയിരുന്നു. ഇതിനിടയിൽ അയാളുടെ ടെന്നീസ് കരിയർ,ഗ്രാൻസ്ലാം കിരീടങ്ങൾ കൊണ്ടും എ ടി പി കിരീടങ്ങൾ കൊണ്ടും നിറഞ്ഞിട്ടുണ്ടായിരുന്നു. വിമ്പിൾഡൺ, ആസ്ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ എന്നിവയെല്ലാം തന്റെ ശേഖരത്തിലേക്ക് എത്തിച്ച അയാൾക്ക് കരിയർ ഗ്രാൻസ്ലാമിലേക്കുള്ള വഴിയിൽ എന്നും തടസ്സമായി നിന്നിരുന്നത് ക്ലേ കോർട്ടുകളായിരുന്നു. ഇഷ്ടമല്ലാത്ത പ്രതലം ആയിരുന്നിട്ടു കൂടി 2009-ൽ ഫ്രഞ്ച് ഓപ്പൺ നേടിയെടുത്ത് റോജർ ചരിത്രത്തിൽ ഇടംപിടിച്ചു.
കളിയിലെ ചാരുത മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ മുഖമുദ്ര.സൗമ്യനായ ഫെഡറർ എന്നും കളിക്കളത്തിൽ മാന്യതയുടെ പര്യായം ആയിരുന്നു. ഏതൊരാൾക്കും സ്വഭാവ രൂപീകരണത്തിലും കുടുംബ ജീവിതത്തിലും മാതൃകയാക്കാവുന്ന മനുഷ്യൻ. ഒരു വശത്ത് തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ഫെഡറർ ഫൗണ്ടേഷൻ എന്ന ഓർഗനൈസേഷൻ വഴി പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും മാറ്റി വെച്ച് ഉദാത്തമായ ഒരു മാതൃകകാട്ടുകയായിരുന്നു അയാൾ
നാൽപത്തി ഒന്നാം വയസിൽ കളിക്കാരെണെന്ന നിലയിലുള്ള കരിയറിനോട് വിട പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത എല്ലാവരിലും സൃഷ്ടിച്ചാവും അയാൾ നടന്നകലുന്നത് . ഗ്രാന്റ് സ്ലാമുകളുടെ എണ്ണത്തിലും കളിക്കണക്കു കളിലും ഫെഡററെ പലരും ഇപ്പോൾ മറികടന്ന് തുടങ്ങിയിരിക്കുന്നു. റെക്കോഡുകൾ എന്നും പുതിയ ഉദയങ്ങൾക്ക് വേണ്ടി വഴി മാറിക്കൊണ്ടേയിരിക്കണമെന്നതാണ് അതിന്റെ യഥാർത്ഥ്യം. റെക്കോഡുകൾ മാറി മറിയുമ്പോഴും കളിമികവിലും കളിയഴകിലും ആരാലും മായ്ക്കാനാവാത്തവിധം എന്തെല്ലാം ഓർമ്മകൾ കോറി വെച്ചിട്ടാണ് അയാൾ യാത്രയാകുന്നത്.നേടിയെടുത്ത കപ്പുകളുടെ എണ്ണങ്ങൾ അളവുകോലായി ഒരാളുടെയും മഹത്വം നിർണ്ണയിക്കുവാൻ പ്രാപ്തമല്ലാതാകുന്നത് ഇത് കൊണ്ടല്ലാമായിരിക്കണം. അതിനാലാവാം തന്റെ സുഹൃത്തും ബിഗ്ഗസ്റ്റ് റിവലുമായ 'റാഫ' പോലും വിടവാങ്ങൽ മൽസരത്തിൽ അദ്ദേഹത്തോടൊപ്പം വിങ്ങിപ്പൊട്ടിയത്.....
റോജർ നീയെന്നും എനിക്കൊരു വികാരമായിരുന്നു. ഒരു കാലഘട്ടത്തിന്റെ യൗവനങ്ങളെ ത്രസിപ്പിച്ച നിന്നെയും നിന്റെ കളിയഴകിനേയും എനിക്ക് മറക്കാനാവുമോ?.അതുകൊണ്ട് തന്നെയാവാം എത്ര വേണ്ടെന്നു വെച്ചിട്ടും നിന്നെക്കുറിച്ച് എഴുതാൻ മനസ്സ് പ്രേരിപ്പിച്ചു കൊണ്ടേയിരുന്നത്.......🖤
🖋️എഴുത്ത്
Shafi_Bin__Umar©️
⏬_Rumish__



2 Comments
What a way to describe your favourite........ excellent writting👌
ReplyDeleteThanks for ur valuable feedback 🖤
ReplyDelete