മഹാമാരിക്കാലം യാത്രകൾക്കുണ്ടാക്കിയ വിലക്കുകൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ദീർഘകാലത്തെ ഏകാന്ത ജീവിതത്തിന് വിരാമമിട്ടുകൊണ്ട് അന്തർസംസ്ഥാന യാത്രകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരുവകൾ ഇറങ്ങി. സുഹൃത്തുക്കളുമായുള്ള സായാഹ്ന ചർച്ചക്കിടയിൽ ഒരുവൻ ഒരു യാത്ര പോകുന്നതിനേക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു. വിലക്കുകൾ തീർത്ത വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനുള്ള വെമ്പൽ എല്ലാവരിലും പ്രകടമായിരുന്നു. അങ്ങനെ യാത്രാ തീയതിയും ലക്ഷ്യസ്ഥാനവും വാഹനവും നിശ്ചയിക്കപ്പെട്ടു. നവംബർ മാസത്തിലെ അവസാന വെള്ളിയാഴിച്ച മൂന്ന് സുഹൃത്തുകളെയും വഹിച്ച് എന്റെ ' സ്വിഫ്റ്റ് ' കാർ പ്രഭാതത്തിലെ മൂടൽ മഞ്ഞിനെയും വകഞ്ഞ് മാറ്റി തമിഴ് ദേശം ലക്ഷ്യമാക്കി കുതിച്ചു.
തെൻമല പതിമൂന്ന് കണ്ണറപ്പാലവും ആര്യങ്കാവ് ചെക്ക്പോസ്റ്റും കടന്ന് ചുരമിറങ്ങുമ്പോൾ കോടമഞ്ഞിൽ പുതച്ച് നിൽക്കുകയാരുന്നു പ്രകൃതി. മനോഹരമായ നെൽവയലുകളും കാറ്റാടിപ്പാടങ്ങളും പിന്നിലാക്കി ഞങ്ങൾ തെങ്കാശിലേക്ക് എത്തിച്ചേർന്നു. അവിടെ ഒരു തനി നാടൻ ഭക്ഷണശാലയിൽ പ്രഭാത ഭക്ഷണവും കാത്ത് കുശലങ്ങൾ പങ്കുവെച്ച് ഞങ്ങളിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ എല്ലാം തന്നെ ബന്ധുക്കൾ കൂടെയാണ്, രക്ത ബന്ധം ഞങ്ങളുടെ സൗഹൃദങ്ങൾക്കിടയിൽ പലപ്പോഴും അപ്രസക്തമായി. മതപഠനത്തിൽ ബിരുദം നേടി അതേ മേഖലയിൽ പ്രവൃത്തിച്ചുവരുന്നു ഒരാൾ, രണ്ടാമൻ വിദേശത്ത് എഞ്ചിനിയർ, മൂന്നാമൻ സ്വന്തമായി ബിസ്നസ്സ് സ്ഥാപനം നടത്തുന്നയാളും. ഇരുമ്പു കല്ലിൽ മൊരിച്ചെടുത്ത പൊറോട്ട തൂശനിലയിൽ ചട്നിയും സാമ്പാറും ആവോളമൊഴിച്ച് വയറും മനവും നിറച്ച് ഞങ്ങൾ അവിടം വിട്ടിറങ്ങി. ഏകദേശം പതിനൊന്നു മണിയോടെ തിരുന്നൽവേലിയിൽ എത്തിച്ചേർന്നു. മാർക്കറ്റിന്റെ ഇരുവശങ്ങളിലും ചില്ല്കുപ്പികളിലിട്ട് വെച്ചിരിക്കുന്ന മധുര പലഹാരങ്ങൾ ഞങ്ങളെ അവിടെ ഇറങ്ങാൻ നിർമ്പന്ധിതരാക്കി, തിരികെയെത്തി യാത്ര തുടങ്ങിയപ്പോൾ അവിടെ നിന്നും മധുര പലഹാരങ്ങൾക്കൊപ്പം വാങ്ങിയ പിച്ചിപ്പൂവിന്റെ ഗന്ധം കാറിനുള്ളിൽ പടർന്നിരുന്നു. ആ ഗന്ധവും കാഴ്ചകളുമാസ്വദിച്ച് ഞാൻ കോഡ്രൈവർ സീറ്റിലിരിന്നു യാത്ര തുടർന്നു.
സമയം ഉച്ചയോടടുത്തു, വെള്ളിയാഴിച്ച ദിവസമായതിനാൽ പ്രാർത്ഥനക്ക് പങ്കെടുക്കണം. റോഡിനിരുവശവും വഴിയോരക്കച്ചവടക്കാർ , കുട്ടകൾ നിറയെ പഴവർഗ്ഗങ്ങൾകണ്ടപ്പോൾ വാഹനം നിർത്താതിരിക്കാൻ തരമുണ്ടായിരുന്നില്ല. ഞങ്ങളുടെ കണ്ണുകൾ ഒരു മസ്ജിദിനായി തിരഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അകലെ ഒരു പള്ളി ശ്രദ്ധയിൽ പെട്ടു, ഞങ്ങളുടെ വാഹനം പളളിയുടെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. വളരെ ചെറുതും കാലപ്പഴക്കം ഉള്ളതുമായ ഒരു പള്ളി; ജുമുഅ:ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. പളളി ഇമാം മതപണ്ഡിതനായ എന്റെ സുഹൃത്തിനോട് ചെവിയിൽ എന്തോ പറഞ്ഞ ശേഷം തമിഴിലുള്ള പ്രസംഗമാരംഭിച്ചു. തമിഴിനോടുള്ള ഇഷ്ടം അയാളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഇതിനിടയിൽ തമിഴിലെ അദ്ദേഹത്തിന്റെ' കൺമയാന നബികളെ ' എന്ന ഒരു പ്രയോഗം എന്നിൽ ഒരു പ്രത്യേകമായ അനുഭൂതി സൃഷ്ടിച്ചു. തമിഴ് ഭാഷയുടെ പ്രയോഗങ്ങൾ എത്ര മനോഹരമെന്ന് എനിക്ക് തോന്നി.
ജുമുഅ ഖുതുബക്കായി എന്റെ സുഹൃത്തിനെ അദ്ദേഹം ക്ഷണിച്ചു. അറേബ്യൻ ശൈലിയിലുള പ്രൗഡഗംഭീരമായ ഖുത്ബയും
നമസ്കാരത്തിലെ ശ്രവണ സുന്ദരമായ ഖുറാൻ സൂക്തങ്ങളുടെ പാരായണവും കേട്ട് അവിടെ കൂടിയിരുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പലരും എന്റെ സുഹൃത്തിനെ അഭിനന്ദിച്ചു, ആ ഊഷ്മള നിമിഷങ്ങൾ കണ്ട് എന്റെ മിഴികൾ നിറഞ്ഞു. യാത്ര പറഞ്ഞ ഞങ്ങളെ ഉച്ച ഭക്ഷണം കഴിക്കുവാനായി അവർ നിർബന്ധിച്ചു. അവരുടെ ആ സ്നേഹ വായ്പിന് മുൻപിൽ ഭക്ഷണം കഴിക്കലല്ലാതെ തരമില്ലായിരുന്നു.തമിഴ് നാടിന്റെ തനത് രുചിക്കൂട്ടുള്ള മീൻകറിയും വറുത്തതും ഉൾപ്പെടുത്തിയ ആഭക്ഷണമായിരിക്കണം ആ യാത്രയിൽ കഴിച്ചതിൽ ഏറ്റവും സ്വാദിഷ്ടമായതെന്ന് എനിക്ക് തോന്നി. സ്നേഹത്തിൽ ചാലിച്ച ആ ഭക്ഷണം എന്റെ സഹയാത്രികരായ സുഹൃത്തുക്കളുടെ മനവും നിറച്ചിരുന്നു. അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ' വാൽനോകം ' ലക്ഷ്യമാക്കി യാത്ര തുടർന്നു. റോഡിനിരുവശവും നയന മനോഹരമായ കാഴ്ച. ഇരു വശങ്ങളിലും മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നു, ഇടക്കിടെ മയിലുകളും മറ്റ് പക്ഷികളും കണ്ണുകൾക്ക് വിരുന്നൊരുക്കി. വാൽ നോകത്തെ കടലും സായാഹ്നവും ആസ്വദിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻമാരുടെ ഖബറിടവും കണ്ട് ഞങ്ങൾ ഏർവാടി ലക്ഷ്യമാക്കി യാത്ര തിരിച്ചു. വൈകുന്നേരത്തോടെ അവിടെ എത്തിച്ചേർന്നു. രാത്രി തന്നെ ദർഗ സന്ദർശിച്ചു, അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണത്തിനുള്ള ടോക്കണുകൾ വാങ്ങി നൽകി, ശേഷം അവിടെ തന്നെ ഒരു മുറിയെടുത്ത് അന്നത്തെ രാത്രി കഴിച്ച് കൂട്ടി.
പിറ്റേന്ന് അതിരാവിലെ തന്നെ ഉണർന്ന് ധനുഷ്ക്കോടിലേക്ക് യാത്രതിരിച്ചു. യാത്രക്ക് അകമ്പടിയായി ചാറ്റൽ മഴയെത്തി, കാർമേഘം മൂടിയ അന്തരീക്ഷം. അവയെ കീറിമുറിച്ച് കൊണ്ട് സ്വിഫ്റ്റ് കാർ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങി. എഞ്ചിനിയറിംഗ് വണ്ടർ എന്നറിയപ്പെടുന്ന പാമ്പൻ പാലം കാണുവാനുള്ള സഞ്ചാരികളുടെ തിരക്ക് അവിടെ ദൃശ്യമായിരുന്നു. പാലത്തിന്റെയും കടലിന്റെയും ചിത്രങ്ങൾ മതിവരുവോളം പകർത്തി, പാലത്തിന്റെ ഒരു വശത്തെ കടലിന്റെ ഇളം പച്ചനിറവും ബോട്ടുകളും മനോഹരമായ ദൃശ്യമൊരുക്കി .ആ പാലത്തിൽ നിൽക്കുമ്പോൾ അറുപതുകളിലെ ഒരു കൊടുങ്കാറ്റിൽപ്പെട്ട് കടലിന്റെ ആഴങ്ങളിലേക്ക് തീവണ്ടിയോടൊപ്പം ആഴ്ന്നു പോയ ഒരു കൂട്ടം മനുഷ്യ ജീവനുകളെക്കുറിച്ച് ഒരു നിമിഷം ഓർത്തുപോയി. രാമേശ്വരവും കടന്ന് ലക്ഷ്യസ്ഥാനമായ ധനുഷ്കോടിയിലേക്കുള്ള യാത്ര തുടർന്നെങ്കിലും അവിടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണെന്ന അത്യന്തം സങ്കടകരമായ വിവരം യാത്രാ മധ്യേ ഞങ്ങളറിഞ്ഞു. ചിന്തകൾക്ക് തീപടർത്തി അഗ്നിച്ചിറകുകളുമായി പറന്നകന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജൻമഗൃഹം ഇതിനിടയിൽ സന്ദർശിച്ചു. മടക്കു യാത്രക്കിടയിൽ നാട്ടിൻ പുറത്തെ ഒരു മാർക്കറ്റ് കാണുവാനിടയായി, അവിടെ ഇറങ്ങി ആ ചന്ത മുഴുവൻ ഒന്നു ചുറ്റി നടന്നു. മത്സ്യവും,പഴങ്ങളും, പച്ചക്കറികളും, പൂക്കളുമെല്ലാം നിരത്തി വെച്ചിരിക്കുന്നു. ഒരു തമിഴ് യുവതി ഞങ്ങളെ അവരുടെ കടയിലെ പഴവർഗ്ഗങ്ങൾ വാങ്ങുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവളുടെ കയ്യിൽ നിന്നും പഴങ്ങൾ വാങ്ങി , കൂടെ മറ്റൊരിടത്തു നിന്നും പിച്ചിപ്പൂമുട്ടുകളും.
അടുത്ത ലക്ഷ്യമായ കീളക്കരയിൽ എത്തി അവിടെ അന്ത്യവിശ്രമം കൊള്ളുന്ന ' മാദിഹേ റസൂലി 'നെയും സന്ദർശിച്ച് കേരളത്തിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.
പുറത്ത് സാമാന്യം നല്ല മഴ പെയ്യുന്നുണ്ട്, ഡ്രൈവിംഗ് സീറ്റിലിരുന്ന് ഞാൻ വാഹനം നിയന്ത്രിച്ചു കൊണ്ടിരുന്നു. യാത്രയ്ക്കിടയിൽ പലകാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം അടുത്ത യാത്രകളെ കുറിച്ചുള്ള ആഗ്രഹങ്ങളും പങ്കുവെച്ചു. ' ഖവാലി ' സംഗീതത്തിന്റെ മാസ്മരികതയിൽ ലയിച്ച് പലരും ഉറക്കത്തിലേക്ക് വഴുതി വീണു. ഉച്ച ഭക്ഷണം തിരുന്നൽവേലിയിൽ നിന്നും കഴിച്ച് സന്ധ്യയോടെ തെങ്കാശിയിൽ എത്തിച്ചേർന്നു. അവിടെയിറങ്ങി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും വാങ്ങി തെങ്കാശിയോട് യാത്ര പറയുമ്പോഴേക്കും നേരത്തേ വാങ്ങി വെച്ചിരുന്ന പിച്ചിപ്പൂമൊട്ടുകൾ വിടർന്ന് പരിമളം പരത്തിത്തുടങ്ങിയിരുന്നു. ചെങ്കോട്ടയും ആര്യങ്കാവ് ചെക്ക്പോസ്റ്റും കടന്ന് ഞങ്ങൾ അർദ്ധരാത്രിയിൽ ലക്ഷ്യസ്ഥാനമായ നാട്ടിൽ എത്തിച്ചേർന്നു.
ആ യാത്രയിലുടനീളം ഭക്ഷണവും പ്രകൃതിയും തമിഴ് ഗ്രാമീണതയുമെല്ലാം ഞങ്ങളുടെ മനം നിറച്ചു .
തമിഴ് സംസ്കാരത്തോടും അവിടുത്തെ ഭക്ഷണത്തോടുമുള്ള പറഞ്ഞറിയിക്കാനാകാത്ത വിധമുള്ള എന്റെ പ്രണയം തുടർന്നു കൊണ്ടേയിരിക്കും.... ഒപ്പം സുഹൃത്തുക്കളോടും പിച്ചിപ്പൂക്കളോടുമുള്ള മൊഹബത്തും...🌼
🖋️എഴുത്ത്
Shafi_Bin__Umar©️



8 Comments
സുന്ദരവും മനോഹരവും പിച്ചിപ്പൂവിന്റെ സുഗന്ധവും നിറഞ്ഞൊഴുകുന്ന രചന :
ReplyDeleteതമിഴിനോടും തമിഴ് നാടിനോടും ആദരവുും സ്നേഹവും നിറഞ്ഞ അവതരണം :
രസകരമായ സൗഹൃദത്തിന്റേയും യാത്രയുടെയും വിലയിരുത്തൽ !
ഗംഭീരം!
മനോഹരം "
സുന്ദരം 11..
സുഗന്ധ പൂരിതം❤️👍❤️
🤎
DeleteThaks for your feedback.......with love 🌼
ReplyDeleteവായനക്കാരൻ മുഴുകിപ്പോകുന്ന അവതരണം💜
ReplyDelete💕
Delete🤎💙❤️
ReplyDeleteകൊള്ളാം നല്ല എഴുത്ത് 'ഇനിയും എഴുതണം
ReplyDeleteThanks.....🌼
Delete