സ്കൂൾ കാലഘട്ടം, സ്പോർട്സിനോടുളള പ്രണയം ദിനപത്രം പലപ്പോഴും പിറകിൽ നിന്നും വായിക്കുവാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. പോരാത്തതിന് സ്പോട്സ് മാസികകൾ കിട്ടാവുന്നിടത്തോളം അരിച്ച് പെറുക്കി വായിക്കും. ഇഷ്ട കളിക്കാരുടെ ചിത്രങ്ങൾ മാസികയിൽ നിന്നും ദിനപത്രങ്ങളിൽ നിന്നുമെല്ലാം സൂക്ഷ്മതയോടെ വെട്ടിയെടുത്ത് ബുക്കിൽ ഒട്ടിച്ച് സൂക്ഷിച്ച് വെയ്ക്കും. ഇടക്കിടക്ക് അതെടുത്ത് നോക്കി നിർവൃതി അടയും. ആ സമയങ്ങളിൽ ക്രിക്കറ്റിനോടായിരുന്നു അൽപം സ്നേഹക്കൂടുതൽ. ഓല മടൽ ആദ്യകാലങ്ങളിൽ ക്രിക്കറ്റ് ബാറ്റായി രൂപാന്തരപ്പെടുത്തി കളി ഉഷാറാക്കി. കെട്ടിയുണ്ടാക്കിയ പന്തുകളും ഐസ്ക്രീം ബോളുകളും എല്ലാം പലപ്പോഴും തല്ല് വാങ്ങി തളർന്നു ,കൂടെ വീട്ടിൽ അറിയാതെ കളിക്കാൻ പോകുന്നതിന് ഞാനും തല്ല് വാങ്ങി കൂട്ടി . മടലിന് ബദലായി തടിയിലുണ്ടാക്കിയ MRF എന്ന് ഭംഗിയിൽ എഴുതിയ ബാറ്റുകൾ തൽസ്ഥാനo ഏറ്റെടുത്തു. അങ്ങനെയിരിക്കെ 98 ഫ്രാൻസ് വേൾഡ് കപ്പ് ഫുട്ബോളിന്റെ കൗണ്ട് ഡൗണിനൊപ്പം കളിക്കാരുടെ ബഹുവർണ്ണ ചിത്രങ്ങളും ദിനപ്പത്രങ്ങളിൽ നിറഞ്ഞ് തുടങ്ങി. അങ്ങനെ ഫുട്ബോളുകൂടെ ഇഷ്ട വിനോദങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
ഇതിനിടയിൽ 98 ലോകക്കപ്പിന്റെ ലോഗോ എവിടെ നിന്നോ എനിക്ക് ലഭിക്കാനിടയായി. ഞാനത് കൃത്യമായി വെട്ടിയെടുത്ത് എന്റെ സൈക്കിളിന്റെ പിൻഭാഗത്തായി ഭംഗിയായി പതിച്ചു. സഹപാഠികളുടെ പക്കൽ നിന്ന് വേൾഡ് കപ്പ് സ്പെഷ്യൽ സ്പോട്സ് മാസിക എന്റെ കയ്യിൽ വന്നു പെട്ടു. വായിക്കുന്നതിന് മുൻപ് ഞാൻ അതിലൂടെ ഒന്ന് കണ്ണോടിച്ചു, വർണ്ണാഭങ്ങളായ ചിത്രങ്ങൾ കണ്ട് എന്റെ മനസ്സ് നിറഞ്ഞു. ടീമുകളുടെയും കളിക്കാരുടെ വിശേഷണങ്ങൾ വായിച്ചു തുടങ്ങി- 'സ്വർണ്ണ തലമുടിക്കാരൻ' കൊളംബിയയുടെ കാർലോസ് വാൾഡറമ , 'ഗോളടിക്കുന്ന ഗോളി' പരാഗ്വയുടെ ലൂയിസ് ചിലാവർട്ട്, 'കുതിരവാലാട്ടം' ഇറ്റലിയുടെ റോബർട്ടോ ബാജിയോ ഇങ്ങനെ പോകുന്നു എന്റെ മനസ്സിൽ തങ്ങിയ കളിക്കാരുടെ വിശേഷണങ്ങൾ. ഇവർക്കിടയിൽ ഒരു ഒരാൾക്കൂടി എന്റെ മനസ്സിൽപതിഞ്ഞു 'ഫ്രാൻസിന്റെ ഗോളടി യന്ത്രം' സിനദിൻ സിദാൻ. അന്നുമുതൽ എന്തുകൊണ്ടോ ഞാനയാളുടെ ഒരു ഫാൻബോയ് ആയിത്തീർന്നിരുന്നു.
വേൾഡ്കപ്പ് കിക്കോഫിന്റെ കൗണ്ട്ഡൗൺ ദിവസങ്ങൾ കുറയുന്തോറും റിക്കി മാർട്ടിന്റെ വിഖ്യാതമായ The cup of life എന്ന ആൽബത്തിലെ ഗോ... ഗോ… ഗോ... അലെ... യലെ... യലെ എന്ന ഗാനത്തിന്റെ പ്രചാരം കൂടിക്കൂടി വന്നു. ആ ഗാനം പലപ്പോഴും ലോകകപ്പ് ഗ്യാലറിയിൽ ഇരുന്നു കളി കാണുന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടിരുന്നു. അങ്ങനെ വേൾഡ് കപ്പ് ആരംഭിച്ചു. ആതിഥേയരായ ഫ്രാൻസിന് ലോകകപ്പ് സാധ്യതകൾ കൽപിച്ചവർ വിരളമായിരിന്നു. അതുവരെയുള്ള അവരുടെ ലോകകപ്പ് പ്രകടനങ്ങൾ ആശാവഹമായിരുന്നില്ല. 90-ലെയും 94-ലെയും വേൾഡ് കപ്പ് യോഗ്യത നേടാൻ പോലുമായിരുന്നില്ല അവർക്ക്.
അങ്ങനെ വേൾഡ്കപ്പ് ആരംഭിച്ചു, ' വാർഡറമക്ക് ' കൊളംബിയയെ മുന്നോട്ട് നയിക്കാൻ കഴിഞ്ഞില്ല. ലോകകപ്പിൽ ഗോളടിക്കുക എന്ന സ്വപ്നം സാക്ഷാൽ കരിക്കാനാവാതെ 'ചിലാവർട്ടും' വിട പറഞ്ഞു. 'ബാജിയോയുടെ' കുതിരവാലാട്ടം ക്വാർട്ടറിൽ നിലച്ചു. അപ്പോഴേക്കും അനലിസ്റ്റുകളെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് ഫ്രാൻസ് ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റ് നേടിയിരുന്നു. ഫ്രാൻസ് ഫൈനലിൽ ബ്രസീലിനെ നേരിടുമ്പോഴും കപ്പിന് സാധ്യത കൽപിക്കപ്പെട്ടിരുന്നത് ബ്രസീലിന് തന്നെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോഴേക്കും ബ്രസീലിന്റെ വലയിൽ 3 ഗോളുകൾ നിറച്ച് ആ തിഥേയർ തങ്ങളുടെ ആദ്യ കപ്പുറപ്പിച്ച് ലോകത്തിന്റെ നെറുകയിൽ കയറിക്കൂടിയിരുന്നു.
ലോകഫുട്ബോളിലെ താരാജാക്കൻമാരായ റൊണാൾഡോ, റിവാൾഡോ, ബെബറ്റോ,കഫു, റോബർട്ടോ കാർലോസ് ,ദുംഗ എന്നീ പ്രതിഭാധരൻമാരടങ്ങിയ ബ്രസീൽ ടീമിനെ ഒരു പത്താം നമ്പറുകാരനായ മിഡ്ഫീൾഡ് ജനറൽ രണ്ട് ബുള്ളറ്റ് ഹെഡ്ഡറുകൾ കൊണ്ട് സ്തബ്ദരാക്കിയപ്പോൾ സിദനിൻ സിദാൻ എന്ന കളിക്കാരനെ ലോകം വാഴ്ത്തിപ്പാടാൻ തുടങ്ങിയിരുന്നു. പിന്നീട് 'സിസു' ലോകഫുട്ബോൾ അടക്കിവാഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. തന്റെ മാന്ത്രിക സ്പർശത്താൽ 2000 യൂറോക്കപ്പിലും ഫ്രാൻസിനെ ചാമ്പ്യൻമാരാക്കുമ്പോൾ ഇറ്റലിയുമായുള്ള ഫൈനൽ അർദ്ധരാത്രിയിൽ തൽസമയം കണ്ട അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എല്ലാ കളികളിലും നിറഞ്ഞാടിയ സിദാനെ തളയ്ക്കാൻ ഡിഫൻസീവ് ഫുട്ബോളിന്റെ ആശാൻമാരായ ഇറ്റലി പ്രഗൽഭരായ രണ്ട് ഡിഫന്ററൻമാരെ ചുമതലപ്പെടുത്തുന്നു. ഇറ്റലി ഒരു ഗോൾ നേടിയ ശേഷം കയ്യും മെയ്യും മറന്ന് പ്രതിരോധിക്കുന്നു. ഫ്രാൻസ് തോൽവി ഉറപ്പിച്ച നിമിഷങ്ങളിൽ 93-ാം മിനിറ്റിൽ 'സിൽവൈൻ വിൽറ്റോഡ്' പകരക്കാരന്റെ റോളിൽ സമനില ഗോൾ നേടി മൽസരം എക്സ്ട്രാ ടൈമിലക്ക് നീട്ടുന്നു. അവസാനം 'ഡേവിഡ് ട്രെസഗെ' എന്ന മറ്റൊരു പകരക്കാരൻ ഗോൾഡൻ ഗോളിലൂടെ ഫ്രാൻസിനെ ചാമ്പ്യൻമാരാക്കുമ്പോൾ സിദാനെ മാർക്ക് ചെയ്യപ്പെട്ട ഒഴിവിൽ പകരക്കാരെ ഇറക്കി കപ്പ് നേടുക എന്ന തന്ത്രം ഫ്രാൻസ് നടപ്പാക്കുന്നതിൽ വിജയിച്ചു. യൂറോക്കപ്പോടെ സിദാന്റെ താരമൂല്യം കുത്തനെ ഉയർന്നു. അന്നത്തെ റെക്കോഡ് തുകയായ 77.5 മില്യൻ യൂറോയിക്ക് അദ്ദേഹത്തെ റയൽ മാഡ്രിഡ് എന്ന സ്പാനിഷ് വമ്പൻമാർ യുവന്റസിൽ നിന്നും സ്വന്തമാക്കി.2002 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബെയർ ലെവർകൂസനെതിരെ റയൽ മാഡ്രിഡ് കപ്പുയർത്തിയപ്പോൾ സിദാൻ നേടിയ ഇടങ്കാലൻ വോളി ഇന്നും ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി ചർച്ച ചെയ്യപ്പെടുന്നു.
2002 ലോകകപ്പിൽ ഫേവറേറ്റുകളായ എത്തിയ ഫ്രാൻസിനെ കാത്തിരുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പുറത്താകലായിരുന്നു. ഒരു ഗോൾ പോലും നേടാനാകാതെ ഫ്രാൻസ് ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമ്പോൾ സിദാന്റെ പരിക്കിന് നിർണ്ണായകമായ പങ്കായിരുന്നു അതിലുണ്ടായിരുന്നത്. സിദാൻ എന്ന മിഡ്ഫീൾഡ് ജനറലിന്റെ മൂല്യം എത്രത്തോളമുണ്ടായിരുന്നു എന്ന് ച ഫുട്ബോൾ ലോകത്ത് ചെയ്യപ്പെട്ടു. 2004 യൂറോകപ്പ് ക്വാർട്ടറിൽ ഫ്രാൻസിന്റെ പുറത്താകലിനെ തുടർന്ന് സിദാൻ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് റിട്ടർമെന്റ് പ്രഖ്യാപിച്ചു. അന്ന് ഗ്രൂപ്പ് സ്റ്റേജിൽ ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ പിന്നിൽ നിന്നശേഷം ഇരട്ട ഗോളുകളുമായി പുറത്താകലിന്റെ വക്കിലായിരുന്ന ഫ്രാൻസിനെ ക്വാർട്ടറിലേക്ക് കൈപിടിച്ചുയർത്തിയതും സിദാനായിരുന്നു . അന്ന് 'ബെന്റ് ഇറ്റ് ലൈക് ബെക്കാം' എന്നെഴുതിയിരുന്നവരെ കൊണ്ട് 'ബെന്റ് ഇറ്റ് ലൈക്ക് സിദാൻ' എന്ന് അദ്ദേഹം തന്റെ ഫ്രീകിക്കിലൂടെ എഴുതിപ്പിച്ചത്ര മനോഹരമായിരുന്നു നിർണ്ണായക നിമിഷത്തിലെ ആ ഗോൾ.
2006 ലോകകപ്പിന്റെ ക്വാളിഫയർ റൗണ്ടിൽ ഫ്രാൻസ് പുറത്താകലിന്റെ വക്കിലായിരുന്നു.കോച്ച് റെയ്മണ്ട് ഡൊമനിക്ക് സിദാനോട് റിട്ടയർമെന്റിൽ നിന്ന് പുറത്ത് വരണമെന്ന് അഭ്യർത്ഥിച്ചു. എന്നും തന്റെ ടീമിനെ പല വിഷമ ഘട്ടങ്ങളിലും ചുമലിലേറ്റിയിട്ടുള്ള അയാൾക്ക് ആ വിളിക്ക് ഉത്തരം ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ തന്റെ മാതാപിതാക്കൾക്ക് അഭയം നൽകിയ രാജ്യത്തിന്റെ ലോകകപ്പിലെ നിലനിൽപിനായി അയാൾ ഒരിക്കൽ കൂടെ ആം ബാൻഡ് അണിയാൻ തീരുമാനിച്ചു. തന്റെ പഴയ വിശ്വസ്തരായ മക്കലേലിയേയും ലിലിയൻ തുറാമിനെയും കൂടെക്കൂട്ടി അയാൾ ക്വാളിഫയർ ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായിരുന്ന ടീമിനെ ലോകകപ്പ് യോഗ്യതയ്ക്ക് അർഹരാക്കി.
വേൾഡ് കപ്പിൽ ഡൊമനിക്കിന്റെ ഫ്രാൻസ് ടീമിനെ എല്ലാവരും എഴുതിത്തള്ളി, വയസൻ പടക്ക് യുവരക്തങ്ങൾക്ക് മുൻപിൽ എന്തെങ്കിലും ചെയ്യാൻ കയിയുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ആദ്യ റൗണ്ടുകളിലെ ആശാവഹമല്ലാത്ത പ്രകടനം അവരുടെ വിലയിരുത്തലുകളെ ശരിവെച്ചു.
സിദാന്റെയും ഫ്രാൻസിന്റെയും വിശ്വരൂപം നോക്കൗട്ട് റാണ്ടുകളിലേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നുവെന്ന് തോന്നിപ്പിക്കുമാറായിരുന്നു അവരുടെ പിന്നീടുള്ള പ്രകടനങ്ങൾ. പ്രീക്വാർട്ടറിൽ സിദാൻ തന്റെ മാന്ത്രിക സ്പർശം കൊണ്ട് സ്പെയിനിനെ 3 - 1 ന് തറപറ്റിച്ചപ്പോൾ അവസാന മിനുട്ടുകളിൽ തന്റെ ട്രേഡ് മാർക്ക് ഗോളിലൂടെ അവരുടെ ലോകകപ്പ് സ്വപ്നങ്ങളിൽ അവസാന ആണിയടിച്ചതും അദ്ദേഹം തന്നെ യായിരുന്നു.98 ലോകകപ്പിന്റെ ആവർത്തനം നടന്ന ക്വാർട്ടർ ഫൈനലിൽ റൊണാൾഡോയും, റൊണാൾഡിന്യോയും, റോബർട്ടോ കാർലോസും അടങ്ങിയ ബ്രസീലിനെ ഒരിക്കൽ കൂടി സിദാൻ എന്ന പ്രതിഭ തന്റെ കളി മെനയാനുള്ള കഴിവ് കൊണ്ട് ചിത്രത്തിൽ ഇല്ലാതെയാക്കിയപ്പോൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തെ തന്നെയായിരുന്നു. സ്കൊളാരി പരിശീലിപ്പിച്ച ഫിഗോയും കൃസ്റ്റ്യാനോ റൊണാൾഡോയും അടങ്ങിയ പോർച്ചുഗലിനെ 1-0 ന് കീഴടക്കി ഫ്രാൻസ് ഒരിക്കൽ കൂടി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഫൈനലിൽ ഇറ്റലിയും ഫ്രാൻസും തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു. ആദ്യ മിനുട്ടുകളിൽ തന്നെ ഫ്രാൻസിനനുകൂലമായി പെനാൽറ്റി ലഭിച്ചു. ഇറ്റലിക്കു വേണ്ടി വലകാത്തത് ഗോൾകീപ്പിങ്ങിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ' ജിയാൻ ലുയിഗി ബഫൺ ', സിദാൻ പന്തുമായി പെനാൾട്ടി ബോക്സിലേക്ക് നടന്നു. റഫറി വിസിൽ മുഴക്കി,ബഫണിനെ കാഴ്ചക്കാരനാക്കി സിദാൻ 'പനേങ്ക' കിക്കെന്ന അധികമാരും പരീക്ഷിക്കാൻ ധൈര്യപ്പെടാത്ത തന്റെ ആവനാഴിയിലെ ആയുധം പുറത്തെടുത്തു. പന്ത് ക്രോസ് ബാറിന്റെ താഴ്ഭാഗത്ത് ഇടിച്ച് ഗോൾ വര കടക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാഴ്ചക്കാർക്ക് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
മത്സരം കടുത്തു, ഇറ്റലി ഗോൾ മടക്കി; അവസാനം കളി എക്സ്ട്രാ ടൈമിലേക്ക് കടന്നു. സിദാൻ ഒരിക്കൽ കൂടി ഗോളിനടുത്തെത്തി, ഗോളന്നുറപ്പിച്ച ഒരു ബുള്ളറ്റ് ഹെഡ്ഡർ അദ്ദേഹത്തെപ്പോലും അമ്പരപ്പിച്ച് കൊണ്ട് അസാമാന്യ റിഫ്ലക്സിലൂടെ ബഫൺ കുത്തിയകറ്റി. തലയിൽ കൈ വെച്ചു നിൽകാൻ മാത്രമേ സിദാന് കഴിഞ്ഞു, അത് ഗോളാകുമെന്ന് അത്രമാത്രo ഉറപ്പിച്ചിണ്ടാകണം അദ്ദേഹം. കളിയിലുടനീളം സിദാനെ മാർക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ട മാർക്കോ മറ്റരാസി പലപ്പോഴായി അദ്ദേഹത്തെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. തന്റെ ഷർട്ടിൽ പിടിച്ചു വലിച്ച മറ്റരാസിയോട് സിദാൻ എന്തോ ചോദിക്കുന്നത് കാണാമായിരുന്നു, അതിനു മറുപടിയായി മറ്റരാസി എന്തോ പറഞ്ഞു. സിദാൻ അയാളുടെ നെഞ്ചിൽ തല കൊണ്ട് പ്രഹരമേൽപ്പിച്ചു. റഫറി ഏവരേയും ആകാംഷയുടെ മുൾമുനയിൽ നിർത്തി ചുവപ്പ് കാർഡ് പുറത്തെടുത്ത് സിദാന് നേരെ ഉയർത്തി, അയാൾ ജേതാക്കൾക്കായി ഒരുക്കി വെച്ചിരുന്ന കപ്പിനരികിലൂടെ തലകുനിച്ച് ഡ്രെസ്സിംഗ് റൂമിലേക്ക് നടന്നകന്നു. സിദാനില്ലാത്ത ഷൂട്ടൗട്ടിൽ ഇറ്റലി ലോകജേതാക്കളായി. സിദാന്റെ ഫുട്ബാൾ മൈതാനത്തിലെ അവസാന പ്രവൃത്തി ആ ചുവപ്പ് കാർഡിനാധാരമായ സംഭവമായി മാറി. ഫ്രഞ്ച് ലീജിയൺ ഓഫ് ഓണർ നൽകി ആദരിക്കപ്പെട്ടവൻ ഒറ്റ ദിവസം കൊണ്ട് അവമതിക്കപ്പെട്ടവനായി മാറി.
ആ സംഭവത്തെക്കുറിച്ചുള്ള വിവാദം ഇന്നും കത്തി നിൽക്കുന്നു. സംഭവത്തിന് കാരണം താൻ സിദാന്റെ സഹോദരിയെ അപമാനിച്ചതാണെന്ന് മറ്റെരാസി തന്നെ വെളിപ്പെടുത്തി. ആ ഇതിഹാസം കപ്പിനേക്കാൾ വിലകൽപിച്ചത് തന്റെ സഹോദരിക്കാകണം.
സിദാനെ മറ്റ് ഫുട്ബാളറൻമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ മിഡ്ഫീൽഡിലെ അസാമാന്യമായ ഡോമിനേറ്റിംഗ് ഗെയിം തന്നെയായിരുന്നു. ഒരു കളിയുടെ ഗതി തന്നെ പലപ്പോഴും നിമിഷങ്ങൾ കൊണ്ട് മാറ്റിമറിക്കുന്ന അസാമാന്യ പ്രതിഭ. അദ്ദേഹത്തിന്റെ ഹെഡ്ഡറുകളും, പാസുകളും, ഫ്രീ കിക്കുകളും, ഗോൾ ഷൂട്ടുകളുമെല്ലാം ഒരേ പോലെ തന്നെ അപകടകരവും സുന്ദരവും ആയിരുന്നു. അദ്ദേഹത്തിന് പന്തിന് മേലുണ്ടായിരുന്ന നിയന്ത്രണം അസാമാന്യമായിരുന്നു. ഫുട്ബാൾ കളി മെനയുന്നതും നിയന്ത്രിക്കുന്നതുമെല്ലാം മിഡ് ഫീൽഡുകളിലാണെന്ന് മനസ്സിലാക്കി തന്ന മിഡ്ഫീൾഡ് ജനലായാണ് സിനദിൻ യാസിദ് സിദാൻ എന്ന 'സിസു'വിനെ ഞാൻ കാണുന്നത്
ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ചമ്പ്യൻ പട്ടമില്ലാതെ ഉഴറിയ റയൽ മാഡ്രിഡ് അദ്ദേഹത്തെ ഒരിക്കൽ കൂടി വിളിച്ചു. മാനേജറുടെ റോളായിരുന്നു അദ്ദേഹത്തിന് നൽകപ്പെട്ടത്. ആ വിളിക്ക് ഹാട്രിക്ക് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്താണ് അദ്ദേഹംഉത്തരം ചെയ്തത്.
ഫ്രാൻസിന് 2006-ൽ നേടിക്കൊടുക്കാനാകാത്ത ലോക കിരീടം പരിശീലകന്റെ വേഷത്തിൽ ഒരിക്കൽ കൂടി അദ്ദേഹം അവിടെ എത്തിക്കുന്നതും കാത്ത് ഞാനിരിക്കും - കൂടുതൽ എഴുതാനായി ........🤎
🖋️എഴുത്ത്
Shafi_Bin__Umar©️
1)France Vs Spain -World Cup 2006
https://www.youtube.com/watch?v=qgL-Y5JOohs
2)France Vs Brazil - World Cup 2006
3)France Vs Portugal - World Cup 2006
4)France Vs Italy - World Cup 2006
5)UCL 2000 Final -Wonder Goal
6)France Vs England - Euro 2002



12 Comments
വളരെ മനോഹരമായ വിവരണം
ReplyDeleteഎഴുത്തുകാരന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു!
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !👍❤️🍇
🤎
DeleteTHANKS........
ReplyDelete✍️��❤️
ReplyDelete💙
DeleteThis comment has been removed by a blog administrator.
ReplyDelete💝
ReplyDelete🌼
Delete💙
ReplyDeletegood writing
ReplyDeleteThis comment has been removed by the author.
DeleteThanks.....💙
Delete