'സുൽത്താനുൽ ഹിന്ദി'നെ കാണുവാൻ വേണ്ടിയുള്ള എൻ്റെ യാത്രയാണ്..... അതിൽ ഒരാൾ കൂട്ട് ചേർന്നിരിക്കുന്നു. ഭാര്യാ സഹോദരനുമൊപ്പമുള്ള ആ യാത്ര അങ്ങനെ 2024 സെപ്റ്റംബർ 14 ശനിയാഴ്ച അതിരാവിലെ തന്നെ കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും  ആരംഭിച്ചു..... മുംബൈ ആണ് ആദ്യ ലക്ഷ്യ സ്ഥാനം

         മുംബൈ ലേക്കുള്ള യാത്രാ മധ്യേ

സമ്പർക് ക്രാന്തി എക്സ്പ്രസിലാണ് ഞങ്ങളുടെ യാത്ര. അന്നേ ദിവസത്തിനാവശ്യമായ ഭക്ഷണം ഞങ്ങൾ കരുതിയിട്ടുണ്ട്. കൊങ്കൺ പാതയും അവിടുത്തെ നയന മനോഹരമായ കാഴ്ചകളും കടന്ന് ഞങ്ങൾ രണ്ടാം ദിവസം ഉച്ചയോടെ പനവേൽ ജംഗ്ഷനിൽ  തീവണ്ടിയിറങ്ങി. വളരെ ചിലവ് ചുരുക്കിയുള്ള യാത്രയായതിനാൽ പൊതുഗതാഗത സംവിധാനങ്ങളാണ് എൻ്റെ മനസ്സിലുള്ളത്. മുംബൈയുടെ ജീവനാഡിയായ സബർബർ ട്രെയ്നുകളെ പരാവധി പ്രയോജന പ്പെടുത്താനാണ് എൻ്റെ പദ്ധതി. ഛത്രപതി ശിവജി മഹാരാജ് ടെർമിനസാണ്(CSMT) ഇന്നത്തെ എൻ്റെ ലക്ഷ്യസ്ഥാനം. ഇവിടെ നിന്നും CSMT ലേക്ക് നേരിട്ട് സബർബൻ സർവ്വീസ് ഇല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നേരത്തേ മഹാരാഷ്ട്രയിൽ ജോലി ചെയ്തിട്ടുള്ളതിനാൽ എനിക്ക് ഹിന്ദി വശമുണ്ടായിരുന്നു. എൻ്റെ പഴയ ഹിന്ദി ഞാൻ പൊടി തട്ടിയെടുത്തെങ്കിലും പഴയ പോലെ സംസാരത്തിന് ഒഴുക്ക് ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നി. എങ്കിലും CSMT ലേക്ക് എത്തുന്നതിന് എവിടെ ലൈൻ ചെയ്ഞ്ച് ചെയ്യണമെന്നുള്ള കാര്യം മറ്റുള്ളവരോട് ചോദിച്ചും 'വെയർ ഈസ് മൈ ട്രെയിൻ' ആപ്പ് വഴിയും ഞാൻ മനസ്സിലാക്കി. അങ്ങനെ കുർല സ്റ്റേഷനിൽ ഇറങ്ങി ലൈൻ ചെയ്ഞ്ച് ചെയ്ത് മറ്റൊരു ശീതീകരിച്ച സബർബൻ ട്രെയിനിൽ ഏകദേശം മൂന്നര മണിക്ക് CSM ടെർമിനസിൽ എത്തിച്ചേർന്നു.
CSM ടെർമിനസിലെ കവാടങ്ങളിലെ ചില്ലു                                   ജാലകം
 CSMT യിൽ സ്റ്റേ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷന് അകത്ത് തന്നെ റെയിവെ റിട്ടയറിങ് റൂം സംവിധാനമായ 'നമഹ്' പോഡ്സ് ബുക്ക് ചെയ്തു. ശീതീകരിച്ച ഒരു സിങ്കിൾ പോഡിന് 8 മണിക്കൂറിന് 750 രൂപ മാത്രമാണ് ചാർജ് ആയത്. 'സ്ലീപ്പിംഗ് പോഡ്സ്' ബുക്ക് ചെയ്ത ശേഷം 'ഗേറ്റ് വേ ഓഫ് ഇന്ത്യ 'യും താജ് ഹോട്ടലും കാണുവാൻ വേണ്ടി CSMT ടെർമിനലിന് തെട്ടടുത്തുള്ള ബസ്റ്റാൻ്റിൽ എത്തി. മഹാരാഷ്ട്ര ഗവൺമെൻ്റിൻ്റെ ഡബിൾ ഡക്കർ എ.സി ബസ്സിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ എത്തി. മുബൈ ഭീകരാക്രമണത്തിൻ്റെ ഓർമ്മകൾ അയവിറക്കി താജ് ഹോട്ടലും കണ്ട് മറൈയൻ ഡ്രൈവ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. 

                           താജ് ഹോട്ടൽ 
 മറൈൻ ഡ്രൈവിൽ എത്തിച്ചേർന്ന എന്നെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു അവിടുത്തെ വൃത്തി. ബീച്ച് വൃത്തിയായി പരിപാലിക്കുന്നതിൻ്റെ ഭാഗമായാണെന്ന് തോന്നുന്നു എവിടെയും തെരുവുകച്ചവടക്കാരെ കാണാനില്ല. വിരലിലെണ്ണാവുന്നവരെ ഇടക്ക് കാണാൻ കഴിഞ്ഞെങ്കിലും ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിൽ അവരും സൂക്ഷ്മത പുലർത്തുന്നത് കാണാൻ കഴിഞ്ഞു. മറ്റ് വികസിത രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും സ്കൈലൈൻ ഉണ്ടെന്ന് മറൈൻ ഡ്രൈവ് എനിക്ക് അറിവ് പകർന്നു. സന്ധ്യ മയങ്ങിയ നേരത്ത് വൈദ്യുത വിളക്കുകളാൽ പ്രകാശപൂരിതമായ മുബൈ സ്കൈലൈൻ നാളെയുടെ വികസിത ഇന്ത്യയുടെ പ്രതീകമായി എൻ്റെ മനസ്സിൽ പ്രതീക്ഷകൾ മുളപ്പിച്ചു. 
                        മുംബൈ സ്കൈലൈൻ 

ഏട്ടര മണിയോടെ CSMT യിൽ തിരിച്ചെത്തിയ ഞങ്ങളെ കാത്തിരുന്നത് ബ്രിട്ടീഷ് വാസ്തുവിദ്യയുടെ പ്രൗഡി വിളിച്ചോതും വിധം വിവിധ വർണ്ണ പ്രകാശങ്ങളാൽ കുളിച്ച് നിൽക്കുന്ന യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള പ്രൗഡഗംഭീരമായ 'വിക്ടോറിയ'ടെർമിനസ്(ഇപ്പോഴത്തെ CSMT) ആയിരുന്നു. സ്ട്രീറ്റ് ഫുഡ്ഡും കഴിച്ച് ഞങ്ങളുടെ സ്ലീപ്പിങ്ങ് പോഡുകളിൾ ഞങ്ങൾ സുഖമായുറങ്ങി.
                വിക്ടോറിയ ടെർമിനസ് 
അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു. രാവിലെ 11.50 നാണ് ബോറി വെല്ലിയിൽ നിന്നും അജ്മീറിനുള്ള ട്രെയിൻ.CSMT യിൽ നിന്നും ദാദറിനുള്ള ട്രെയിൻ കയറി, ഭാര്യാ സഹോദരന് പനി അനുഭവപ്പെടുന്നുണ്ട് .കരുതിയിരുന്ന മരുന്ന് കഴിച്ചിട്ടുണ്ടെങ്കിലും ആൾ പരിപൂർണ്ണമായി ആരോഗ്യവാനായിരുന്നില്ല എന്നത് എന്നിലെ ആശങ്കകൾ വർദ്ധിപ്പിച്ചു കൊണ്ടിരിന്നു. ദാദറിൽ നിന്നും ബോറിവെല്ലി ലൈനിലുള്ള സബർബൻ ട്രെയിൻ കയറി, ഹാജി അലി ദർഗ്ഗയാണ് ലക്ഷ്യ സ്ഥാനം. ട്രെയിൻ കയറിയ ഉടൻ ഭാര്യ സഹോദരൻ ഒരു യാത്രികനോട് ഇരിക്കുവാനായി ഒരു സീറ്റ് ആവശ്യപ്പെടുന്നത് കണ്ടു. എന്നാൽ അയാൾ അത് നൽകുവാൻ തയ്യാറായില്ല. ഉടൻ അവൻ നിലത്തേക്കിരുന്നു; അപ്പോഴേക്കും അവൻ്റെ ബോധം നഷ്ടമായിരുന്നു. നല്ലവരായ മറ്റ് ചില യാത്രികർ അവനായി ഒരു മുഴുവൻ സീറ്റ് ഒഴിച്ചിട്ട് തന്നു. അവൻ്റെ ശരീരമാസകലം വിയർത്തിരിക്കുന്നു. വസ്ത്രങ്ങൾ വിയർപ്പിൽ മുങ്ങിയിരിക്കുന്നു. എൻ്റെ വിളികൾക്ക് അവൻ ഉത്തരം നൽകിയില്ല. സഹയാത്രികർ നൽകിയ വെള്ളം മുഖത്ത് കുടഞ്ഞെങ്കിലും ബോധം പൂർണ്ണമായി വന്നില്ല .അർദ്ധ ബോധാവസ്ഥയിൽ അവനെയും  ബാഗുകളും താങ്ങി ഞാൻ എങ്ങനെയൊക്കയോ ഹാജി അലി ദർഗ്ഗക്കായി ഇറങ്ങേണ്ട സ്റ്റേഷനായ മഹാലക്ഷ്മി സ്റ്റേഷനിൽ ഇറങ്ങി. അവനെ താങ്ങിയെടുത്ത് പ്ലാറ്റ് ഫോമിലെ ചെയറിൽ കിടത്തി ശേഷം വെള്ളവും ബിസ്ക്കറ്റും വാങ്ങാനായി ഞാൻ കിയോസ്ക് ലക്ഷ്യമാക്കി ഓടി....വെള്ളവും ഭക്ഷണമുമായി തിരികെ എത്തിയപ്പോൾ അവൻ എങ്ങനെയൊക്കെയോ എണീറ്റിരിപ്പുണ്ട്. കൂടെ ഒരു മനുഷ്യൻ നിൽപ്പുണ്ട്, അയാളെ ഞാൻ സൂക്ഷിച്ചു നോക്കി തൊപ്പിയും താടിയുമുള്ള ആ വൃദ്ധനായ മനുഷ്യനിൽ ഞാൻ ശ്രദ്ധിച്ചത് അയാളുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന 'തസ്ബീഹ് മാല' ആയിരുന്നു. അതിൽ 'അല്ലാഹ്' 'മുഹമ്മദ്' എന്നൊക്കെ എഴുതിയിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു.അവന് ഇനി പഴവർഗ്ഗങ്ങൾ മാത്രം നൽകാവുള്ളൂ എന്ന് ഉപദേശിച്ച  ശേഷം ഇവിടെ കാണേണ്ട ടൂറിസ്റ്റ് അട്രാക്ഷൻസ് ഹാജി അലി ദർഗ്ഗയും മഹാലക്ഷ്മി ദേവി ടെമ്പിളുമാണന്ന് പറഞ്ഞ ശേഷം അവിടേക്ക് എത്തിച്ചേരാനുള്ള ബസ് റൂട്ടും പറഞ്ഞ് തന്ന് അദ്ദേഹം നടന്നകന്നു......

സ്റ്റേഷന് പുറത്തേക്ക് നടന്ന് ഞങ്ങൾ ഹാജി അലി ദർഗ്ഗയിലേക്കുള്ള വണ്ടികയറി. വൃദ്ധനായ മനുഷ്യൻ എന്താണ് ചെയ്തതെന്ന് അവനോട് ഞാൻ ചോദിച്ചു .... ബോധം വരുമ്പോൾ വൃദ്ധനായ ഒരാൾ അരികിൽ നിൽക്കുന്നതാണ് കണ്ടെത് അവൻ മറുപടി പറഞ്ഞു. അങ്ങനെ ഞങ്ങൾ ഹാജി അലി ദർഗ്ഗയിൽ എത്തിച്ചേർന്നു. ദർഗ്ഗയുടെ പരിസരം ആകെ മാറിയിരിക്കുന്നു പുതിയ ഫ്ലെ ഓവറുകളും അംബരചുംബികളായ കെട്ടിടങ്ങളും അരങ്ങുവാണിരിക്കുന്നു. മാറുന്ന ഇന്ത്യയുടെ പുതിയ മുഖങ്ങൾ മുബൈയിൽ എവിടെയും എനിക്ക് കാണാനായി.

ഹാജി അലി ദർഗയിലേക്കുള്ള പാതയിൽ                              നിന്നുള്ള കാഴ്ച
ഹാജി അലി ദർഗ്ഗയും സന്ദർശിച്ച് ആവശ്യമായ ഫലവർഗ്ഗങ്ങളും വാങ്ങി ഞങ്ങൾ ബോറിവെല്ലി സ്റ്റേഷനും പിന്നീട് അജ്മീറും ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.ഞാൻ മുൻപ് ദാദ്ര ആൻ്റ് നഗർ ഹാവേലിയുടെ  തലസ്ഥാനമായ സിൽവാസ യിൽ ജോലിചെയ്തിരുന്ന സമയങ്ങളിൽ സഞ്ചരിച്ച പാതകളും സ്റ്റേഷനുകളും....വസായി റോഡ്, വൽസാഡ്, വാപ്പി....എൻ്റെ ചിന്തകളിൽ പിന്നിട്ട വഴികൾ നിറഞ്ഞപ്പോൾ മഴികൾ അറിയാതെ നനഞ്ഞു... ആ ചിന്തകളും പേറി ഞങ്ങൾ പിറ്റേ ദിവസം രാവിലെ എൻ്റെ ലക്ഷ്യ സ്ഥാനമായ അജ്മീറിൽ ട്രെയിനിറങ്ങി.....

ഏകദേശം ഒൻപത് മണിയോടെയാണ് അജ്മീറിൽ എത്തിയത്. താമസത്തിനായി റെയിൽവേ സ്റ്റേഷനിൽ തന്നെ റിട്ടയറിങ് റൂം ബുക്ക് ചെയ്തിരുന്നു. പുതിയ റൂം  അല്ലെങ്കിലും വൃത്തിയിലും സൗകര്യത്തിലും അത് മികച്ച നിലവാരം പുലർത്തിയിരുന്നു. പ്രഭാതഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനമായ അജ്മീർ ദർഗ്ഗയിലേക്ക് തിരിച്ചു. അജ്മീർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാൽനടയായി എത്താനുള്ള ദൂരം മാത്രമാണ് ദർഗ്ഗയിലേക്കുള്ളത്. വളരെപ്പെട്ടെന്ന് തന്നെ ഞങ്ങൾ ദർഗ്ഗയിൽ എത്തിച്ചേർന്നു. അജ്മീർ ദർഗ്ഗയിൽ എപ്പോഴും വലിയ തിരക്കാണ്. ജാതി മത ഭേതമന്യേ രാഷ്ട്ര തലവൻമാർ മുതൽ ബോളിവുഡ് സ്റ്റാറുകൾ വരെ വന്നു പോകുന്നിടമാണിവിടം.പാവങ്ങളോട് കരുണ കാണിക്കുന്നയാൾ എന്ന് അർത്ഥം വരുന്ന 'ഗരീബ് നവാസ്' എന്ന അപര നാമത്തിലാണ് സൂഫി വര്യനായ 'സുൽത്വാനുൽ ഹിന്ദ് ' ഖജാ മുഈനുദ്ദീൻ ജിഷ്തി (റ) അറിയ പ്പെടുന്നത്. ഇന്ത്യയിലെ സൂഫീ ചക്രവാള സീമയിലെ സൂര്യതേജസ്വായ സുൽത്വാനുൽ ഹിന്ദിനെയും സന്ദർശിച്ച് ഉച്ചയോടെ പുറത്തേക്ക് നടന്നു.

          അജ്മീർ ദർഗയുടെ രാത്രികാല കാഴ്ച

ഇനി നാളെ രാവിലെയാണ് അജ്മീറിൽ നിന്നുമുള്ള യാത്ര തുടരേണ്ടത്. ഇനിയുള്ള യാത്രകൾക്കുള്ള  ടിക്കറ്റുകൾ ഒന്നും തന്നെ ഞങ്ങളുടെ കൈവശം ഇല്ല എന്നുള്ളതാണ് യാത്രയെ കൂടുതൽ ഉദ്യോഗജനകമാക്കുന്നത്. നിലവിലെ പദ്ധതി അനുസരിച്ച് നാളെ രാവിലെ ജയ്പൂരിൽ എത്തിച്ചേരണം. ആയതിനാൽ ഉച്ചക്ക് ശേഷമുള്ള സമയം ചിലവഴിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ച് നടക്കുമ്പോൾ ഒരാൾ പുഷ്കർ യാത്ര പോകുന്നോ എന്ന് ചോദിച്ച് കൂടെക്കൂടി. അജ്മീറിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയാണ് പുഷ്കർ. പുഷ്കർ മരുഭൂമിയിലെ ഒട്ടകമേള വളരെ പ്രസിദ്ധമാണ്. ഒക്ടോബർ നവംബർ മാസത്തിൽ നടക്കുന്ന ഈ ഒട്ടകമേള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയാണ്. കാറിൽ പുഷ്കർ വരെ കൊണ്ടു പോയി മടക്കി കൊണ്ടുവരുന്നതിന് നാനൂറ് രൂപയാണ് അയാൾ ആവശ്യപ്പെട്ടത്. അവിടെ ഡെസേർട്ട് ജീപ്പ് സഫാരിയ്ക്കായാണ് അയാൾ ആളുകളെ ഇവിടെ നിന്നും കൊണ്ട് പോകുന്നത്. ഒരു ചെറിയ തുകയ്ക്ക് പുഷ്കർ നഗരവും പരിസരവും ഒന്നു ചുറ്റിക്കറങ്ങി കാണാം എന്നുള്ളതാണ് എൻ്റെ മനസ്സിലുള്ളത്.

യാത്രക്കിടയിൽ അയാളുമായി കുശലങ്ങൾ പങ്കുവെച്ചു. അങ്ങനെ മരുഭൂമിയിലെ വിനോദങ്ങൾക്കായി ഞങ്ങൾ വാഹനത്തിൽ നിന്നും ഇറങ്ങി. ജീപ്പ് സഫാരി, ഒട്ടക വണ്ടിയിലെ സഫാരി, ബഗ്ഗി ബൈക്ക് റൈഡ് എന്നിവയാണ് പ്രധാന വിനോദങ്ങൾ. ജീപ്പ് സഫാരിയ്ക്ക് വലിയ തുകയാണ് ആവശ്യ പ്പെടുന്നത്. ബഡ്ജറ്റ് ട്രിപ്പായതിനാൽ ഒട്ടകവണ്ടിയിലെ സഫാരിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.

                           പുഷ്കർ മരുഭൂമി
അതിൻ്റെ സാരഥി ഒരു കൗമാരക്കാരനായ കുട്ടിയാണ്. വിദ്യാഭ്യാസത്തിൻ്റെയും അറിവിൻ്റെയും ഉന്നതിയിൽ എത്തേണ്ട അവനെ പ്രാരാബ്ധങ്ങൾ ഇവിടെ എത്തിച്ചിരിക്കുന്നു. ഒട്ടകത്തെ നയിക്കുന്നതിൽ വിദഗ്‌ധനാണ് അവൻ. യാത്രക്കിടയിൽ അവൻ്റെ ' പശ്ചാത്തലത്തെക്കുറിച്ചും ഇവിടെ എത്തിച്ചേർന്ന കഥയുമെല്ലാം അവൻ പറഞ്ഞു തന്നു. യാത്രാ വഴിയിൽ പലയിടത്തും സമപ്രായക്കാരിൽ നിന്നും കളിയാക്കലുകൾ നേരിടേണ്ടി വരുന്നുണ്ടവന്. അവയെല്ലാം വകഞ്ഞ് മാറ്റി ഞങ്ങളെയും കൊണ്ട് അവൻ ലക്ഷ്യസ്ഥാനത്തേക്ക് ഒട്ടകത്തെ നയിച്ചുകൊണ്ടിരുന്നു. ഇടയിൽ അവൻ്റെ ചിത്രങ്ങൾ പകർത്തണമെന്ന അവൻ്റെ ആഗ്രഹവും  നിറവേറ്റി   ഒരു ചെറിയ സമ്മാനവും നൽകി ഞങ്ങൾ പുഷ്കറിൽ നിന്നും വണ്ടി കയറി.
                     മരുഭൂമിയിലെ സാരഥി
സന്ധ്യമയങ്ങുമ്പോഴേക്കും ഞങ്ങൾ അജ്മീറിൽ തിരിച്ചെത്തിയിരുന്നു. അസ്തമയ സൂര്യൻ്റെ ഭംഗിയിൽ 'അനാസാഗർ' തടാകവും കണ്ട് ഞങ്ങൾ 'ഗരീബ് നവാസിൻ്റെ' സന്നിധിയിൽ തിരിച്ചെത്തി. അവിടെ 'ഖവാലി'യും ആസ്വദിച്ച് അവിടത്തോട് സലാം പറഞ്ഞ് യാത്രയായി....

ഇന്ത്യയുടെ പിങ്ക് സിറ്റിയാണ് അടുത്ത ലക്ഷ്യസ്ഥാനം. ബുധനാഴ്ച്ച രാവിലെ ഒൻപത് മണിയോടെ ഞങ്ങൾ ജയ്പൂരിൽ വണ്ടിയിറങ്ങി. യാത്ര മുഴുവൻ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് ആയതിനാൽ ക്ലോക്ക് റൂമിൽ ലഗ്ഗേജ് വച്ചശേഷം മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. ജയ്പൂർ മെട്രോയിൽ കയറി  ആദ്യത്തെ ലക്ഷ്യസ്ഥാനമായ ഹവാമഹലിന് ഏറ്റവും അടുത്ത മെട്രോ സ്റ്റേഷനായ ബഡി ചൗപ്പറിൽ വണ്ടിയിറങ്ങി. സ്റ്റേഷന് തൊട്ടടുത്ത് തന്നെയാണ് ഹവാമഹൽ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ പേർഷ്യൻ വാസ്തു വിദ്യകളുടെ ഒരു സംയോജനമാണ് ഈ നിർമ്മിതിയിലുടനീളം കാണാൻ കഴിയുന്നത്. 'ഫൗണ്ടേഷൻ' ഇല്ലാതെ നിർമ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഹവാമഹൽ. 953 ഓളം ജനാലകളാണ് കെട്ടിടത്തിൻ്റെ പ്രധാന ആകർഷണം. രാജ ഭരണകാലത്ത് കൊട്ടാരത്തിലെ സ്ത്രീകൾക്ക് വളരെ സുഖകരമായ അന്തരീക്ഷത്തിൽ പട്ടണത്തിൻ്റെ കാഴ്ചകൾ കാണാനാണ് ഇത്രയധികം ജനാലകൾ നൽകിയിരിക്കുന്നത്. പല വർണ്ണങ്ങളിലുള്ള ബെൽജിയം ഗ്ലാസുകളിൽ അലങ്കൃതമായ  ജനാലകളും വാതിലുകളും അതീവ സുന്ദരങ്ങളാണ്. രാജകൊട്ടാരമായ സിറ്റി പാലസ്,ജന്തർ മന്ദിർ, നഗരത്തിൻ്റെയും മലനിരകളുടെയും മനോഹരമായ കഴ്ചകൾ എന്നിവ ഹവാമഹലിൻ്റെ മുകളിൽ നിന്നാൽ ആവോളം ആസ്വദിക്കാനാകും.1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ്‌ ഈ മാളിക പണി കഴിപ്പിച്ചത്.

                                 ഹവാ മഹൽ

അവിടെ നിന്നും ഞങ്ങൾ ജന്തർ മന്ദിർ ലക്ഷ്യമാക്കി നടന്നു. ജന്തർ മന്ദിർ, സിറ്റി പാലസ് എന്നിവ വളരെ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. സമയ പരിധിയും പ്രായോഗികതയും  പരിഗണിച്ച് സിറ്റി പാലസ് ഒഴിവാക്കി ജന്തർ മന്ദിർ കാണാൻ ഞങ്ങൾ തീരുമാണിച്ചു. 17-ാം നൂറ്റാണ്ടിൽ സമയവും കാലാവസ്ഥാ വ്യതിയാനങ്ങളും മനസ്സിലാക്കാൻ അന്നത്തെ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന സംവിധാനങ്ങൾ ആരെയും അത്ഭുതപ്പെടുത്താൻ പാകത്തിനുള്ളവയാണ്. ഒരു ഗൈഡിൻ്റെ സഹായത്തോട് കൂടിയോ അവിടെ ലഭ്യമാകുന്ന പുസ്തകങ്ങളിലൂടെയോ രാജാക്കൻമാർ സമയവും കാലവും മനസിലാക്കിയിരുന്ന രീതികൾ സ്വായത്തമാക്കാൻ നമുക്കും കഴിയും .

                               ജന്തർ മന്ദിർ
സമയ പരിമിതി കാരണം എത്രയും പെട്ടെ ന്ന് ജൽ മഹൽ കാണാൻ ഞങ്ങൾ യാത്രയായി. ഞങ്ങളുടെ ജയ്പൂരിലെ അവസാനത്തെ ലക്ഷ്യസ്ഥാനമായ അമർ ഫോർട്ടിലേക്കുള്ള വഴി മധ്യേയാണ് ജൽമഹൽ സ്ഥിതി ചെയ്യുന്നത്. നാല് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു നിർമ്മിതിയാണ് ജൽമഹൽ.
                                   ജൽ മഹൽ
ജൽമഹലിനുള്ളിലേക്കുള്ള പ്രവേശനം   ഏതോ കാരണത്താൽ അനുവദനീയമല്ല. കരയിൽ നിന്നും ജൽ മഹലിൻ്റെ ചിത്രങ്ങളും പകർത്തി ഞങ്ങൾ ഇന്നത്തെ ജയ്പൂരിലെ അവസാന ലക്ഷ്യസ്ഥാനമായ അമർ ഫോർട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഉച്ചകഴിഞ്ഞ് അമർ ഫോർട്ടിൽ എത്തിയ ഞങ്ങൾ ഗൈഡിൻ്റെ സഹായമില്ലാതെ തന്നെ അമർ ഫോർട്ട് ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു.ജയ്പൂരിൽ നിന്നും 11 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ജയ്പൂരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ വെച്ച് ഒരു മലയാളിയായ യുവാവിനെ പരിചയപ്പെട്ടു , കണ്ണൂർ സ്വദേശിയായ അയാൾ  ബൈക്കിൽ  ലേ ലഡാക്ക് പോകാനുള്ള യാത്രാമധ്യേ ഇവിടെ എത്തിയതാണന്ന് പറഞ്ഞു ഞങ്ങൾ മൂന്നാളും അമർ ഫോർട്ട് മുഴുവൻ ചുറ്റിക്കറങ്ങിക്കണ്ടു.  മുഗൾ വാസ്തുവിദ്യയുടെയും  രജപുത്ര ആർക്കിടെക്ച്ചറിൻ്റെയും ഒരു 'ഫ്യൂഷൻ' ആണ് യഥാർഥത്തിൽ അമർ ഫോർട്ട്. ഒരു ഇന്ത്യൻ വണ്ടറായാണ് എനിക്ക് അമർ ഫോർട്ട് അനുഭവപ്പെട്ടത്.
                            അമർ ഫോർട്ട് 
ദിവാനെ ആം, ദിവാനെ ഖാസ്, റോയൽ സ്യൂട്ട് റൂമകൾ, മാർക്കറ്റ്, അടുക്കള, ഡൈനിംഗ് ഏരിയ, ബാത്ത് റൂമുകൾ , ബാത്ത് ടബ്ബുകൾ, ഡ്രയിനേജ് സിസ്റ്റം, കലാരൂപങ്ങൾ അവതരിപ്പിക്കാനും അവ ആസ്വദിക്കാനുമുള്ള ഇടങ്ങൾ, അങ്ങ് വിദൂരതയിലേക്ക് നോക്കി നിൽക്കാൻ പാകത്തിന് തയ്യാറാക്കിയ മാർബിളിൽ കൊത്തിയെടുത്ത കിളിവാതിലുകൾ, ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം എന്നിവയെല്ലാം എന്നിൽ അത്ഭുതം ഉളവാക്കിയെങ്കിലും ചൈനാ വൻമതിലിനെ അനുസ്മരിപ്പിക്കുന്ന ഒരു നിർമ്മിതി ഇവിടെ ഉണ്ടെന്ന് മനസ്സിലായപ്പോൾ അത് എൻ്റെയുള്ളിൽ പ്രത്യേക അനുഭൂതി ഉളവാക്കി .
           മഹോത തടാകവും പൂന്തോട്ടവും
ഏതൊരു ഭാരതീയനും അഭിമാനം കൊള്ളേണ്ട നിമിഷങ്ങൾ എന്നിലെ നാഡികളെ ഉത്തേജിപ്പിച്ചു നിർത്തി.... കോട്ടയുടെ മുകളിൽ കയറി ചുറ്റുപാടും ഒന്നു വീക്ഷിക്കുന്നവർക്ക് അന്നത്തെ ആ രാജാക്കൻമാരുടെ അപ്രമാദിത്യവും ദീർഘവീക്ഷണവും മനസ്സിലാക്കാൻ ചരിത്ര പുസ്തകങ്ങളുടെ അവശ്യം വേണ്ടിവരില്ല എന്ന് എനിക്ക് തോന്നി. അമർ ഫോർട്ടിലെ സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്ന അത്ഭുത ലോകവും കടന്ന് ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ ആഗ്രയും ലക്ഷ്യമാക്കി വണ്ടി കയറി.....

കോട്ടക്കുള്ളിലെ കിളിവാതിലിലൂടെയുള്ള                                       കാഴ്ച

രാത്രി ഒൻപത് മണിയോടെ ആഗ്ര ഫോർട്ട് സ്റ്റേഷനിൽ എത്തിച്ചേർന്ന ഞങ്ങൾ അവിടെ നിന്നും ഒരു ഓട്ടോ റിക്ഷയിൽ ഇന്നത്തെ ' റിട്ടയറിംഗ് റൂം' ബുക്ക് ചെയ്തിരിക്കുന്ന ആഗ്ര കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. സ്റ്റേഷനിൽ നിന്നും രാത്രി ഭക്ഷണവും കഴിച്ച് ഫ്രഷ് ആയ ശേഷം ഉറങ്ങാൻ കിടന്നു..... അതിരാവിലെ തന്നെ താജ് മഹൽ സന്ദർശിക്കാനാണ് ഞങ്ങളുടെ പദ്ധതി. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൽ നിന്ന് ഓട്ടോറിക്ഷ എടുത്ത് ഞങ്ങൾ പുലർച്ചെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.സൂര്യോദയം അടിസ്ഥാനമാക്കിയാണ് താജിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. താജ് മഹൽ പുറത്ത് നിന്ന് കാണുന്നതിന് 50 രൂപയും കബറിടo സന്ദർശിക്കുന്നതിന് 200 രൂപയുമാണ് ഫീസ്. 'ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ'യുടെ നിയന്ത്രണത്തിലാണ് നിലവിൽ താജ് മഹൽ ഉള്ളത്. പ്രധാന പ്രവേശന കവാടം കടന്ന് ചെല്ലുമ്പോൾ ലോക ഭൂപടത്തിൽ  ഇന്ത്യയുടെ മുഖമുദ്രയായി നിലകൊള്ളുന്ന ലോകാത്ഭുതം മഞ്ഞ് പുതച്ച് നിൽക്കുകയാണ്...... എന്തെന്നില്ലാത്ത ഒരനുഭൂതിയിലൂടെ  കുറച്ച് നിമിഷങ്ങൾ ഞാൻ കടന്ന്പോയി. ദിവ്യപ്രണയത്തിൻ്റെ ആ സ്മാരകവും നോക്കി ഞാൻ കുറേ അധിക നേരം അവിടെയിരുന്നു.

      താജ് മഹൽ എൻ്റെ ക്യാമറാക്കണ്ണിലൂടെ

ഇതിനിടയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഗൈഡിൽ നിന്നും താജ്മഹൽ എന്ത് കൊണ്ട് ലോകാത്ഭുതമായി എന്നതിനേക്കുറിച്ചുള്ള വിശദീകരണം കേട്ടു മനസ്സിലാക്കി. ഷാജഹാൻ ചക്രവർത്തിയെക്കുറിച്ചു മുംതാസ് മഹലിനെക്കുച്ചും ഇപ്പോൾ താജിനെക്കുറിച്ച് നടക്കുന്ന വിവാദങ്ങളെക്കുറിച്ചുമെല്ലാം വസ്തു നിഷ്ടമായ ഒരു വിവരണം കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിൽ നിന്നും ലഭിച്ചു. താജിൻ്റെ മനോഹാരിതയും അവിടെ ഒളിച്ചിരിക്കുന്ന അത്ഭുതങ്ങളുമെല്ലാം അനുഭവിച്ച ശേഷം ദിവ്യ പ്രണയിനികളുടെ ഖബറിടവും സന്ദർഷിച്ച് അവിടെ നിന്നും പടിയിറങ്ങി. 

      താജ് മഹലിലെ അറബിക് കാലിഗ്രാഫി

പൂന്തോട്ടത്തോട് ചേർന്നുള്ള താജ് മ്യൂസിയം കൂടെ ഞങ്ങൾ സന്ദർശിച്ച്. മുഗൾ ചക്രവർത്തിമാരുടെ വാളുകൾ, പടച്ചട്ടകൾ, നാണയങ്ങൾ, ചക്രവർത്തിമാരുടെ കയ്യെഴുത്ത് പ്രതികൾ, പതിനേഴാം നൂറ്റാണ്ടിലെ  ചരിത്ര അവശേഷിപ്പുകൾ എന്നിവ അവിടെ സൂക്ഷിച്ചിരിക്കുന്നു. താജ്മഹലിൻ്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വിവിധ തരം മാർബിളുകൾ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവയാണന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന ഭക്ഷണപാത്രം അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു, അതിന് താഴെ നൽകിയിരിക്കുന്ന വിവരണം എന്നെ അത്ഭുതപ്പെടുത്തി.... ഭക്ഷണത്തിൽ വിഷാംശം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പാത്രത്തിൻ്റെ നിറം മാറുകയോ പൊട്ടി പോകുകയോ ചെയ്യുമത്രെ.....

താജ് മ്യൂസിയം സന്ദർശിച്ച ശേഷം മെട്രോ റെയിൽ കയറി ആഗ്രാ ഫോർട്ട് സന്ദർശിക്കാനാണ് ഞങ്ങൾ പോയത്. ഏകദേശം ഉച്ചയോടെ ആഗ്ര ഫോർട്ട് ചുറ്റിക്കറങ്ങിക്കണ്ട് ഞങ്ങൾ ഡൽഹിലേക്ക് വണ്ടി കയറി.

                              ആഗ്രാ ഫോർട്ട്
ലോകത്ത് ഇന്ത്യയുടെ അടയാളപ്പെടുത്തലുകളിൽ പ്രധാനമായ താജ് സ്ഥിതി ചെയ്യുന്ന ആഗ്രാ നഗരത്തിൻ്റെ വൃത്തിഹീനത എന്നിൽ സങ്കടവും അമർഷവും ഉളവാക്കി. രാത്രി വൈകി ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഞങ്ങൾ റൂം അന്വേഷിച്ചെങ്കിലും ഉയർന്ന നിരക്ക് കാരണം റെയിവെയുടെ പ്രീമിയം ലോഞ്ചിൽ ഇരുന്ന് നേരം വെളുപ്പിച്ചെടുത്തു.

രാവിലെ 'ഹുമയൂൺസ് ടോമ്പ്' സന്ദർശിക്കാനാണ് ഞങ്ങളുടെ പദ്ധതി. അതിനായി ഒരു ഓട്ടോറിക്ഷ പിടിച്ചു യാത്ര ആരംഭിച്ചു.... യാത്ര ആരംഭിച്ച് കുറച്ചായപ്പോൾ ഓട്ടോ ഡ്രൈവർ അവിടെ വെള്ളിയാഴ്ച അവധിയാണെന്ന് എന്നോട് പറഞ്ഞു. ഔദ്യേഗിക വെബ്സൈറ്റ് ഇന്ന് അവധിയല്ല എന്നാണ് കാണിക്കുന്നതെന്ന് ഞാൻ അയാളോട് പടഞ്ഞപ്പോൾ വെബ്സൈറ്റിൽ പലതും പറയും എന്ന് അയാൾ എന്നോട് പറഞ്ഞു. അവധിയാണെങ്കിലും അവിടം സന്ദർശിക്കാനാണ് എൻ്റെ തീരുമാനമെന്ന് ഞാൻ അയാളെ അറിയിക്കുകയും യാത്ര തുടരുകയും ചെയ്തു. യാത്രാമധ്യേ അയാൾ വീണ്ടും സമയം പാഴാക്കാതെ നിങ്ങൾക്ക് റെഡ് ഫോർട്ട് സന്ദർശിച്ചുകൂടെ എന്ന് ചോദിച്ചു. പാതി മനസ്സോടെ അയാളുടെ ഇംഗിതത്തിന്ന് വഴങ്ങി റെഡ് ഫോർട്ട് ഉൾപ്പെട്ട ഓൾഡ് ഡെൽഹിയിലേക്ക് വണ്ടി

തിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. വണ്ടി ഇറങ്ങിയ ഞങ്ങളോട് 'സൂക്ഷിക്കണം' എന്ന ഒരു ഉപദേശവും നൽകി അയാൾ യാത്രയായി.  ഓൾഡ് ഡെൽഹിയിൽ എത്തിയ ഞങ്ങൾ മെട്രോ റെയിലിൽ സെൻട്രൽ സെക്രട്ടറിയേറ്റ് സ്റ്റേഷനിൽ ഇറങ്ങി പാർലമെൻ്റും ഇന്ത്യാ ഗേറ്റും കണ്ട ശേഷം വീണ്ടും ഓൾഡ് ഡെൽഹിയിൽ തിരിച്ചെത്തി. 

                 ഇന്ത്യാ ഗേറ്റിന്  മുൻപിൽ
വെള്ളിയാഴ്ച ദിവസമായതിനാൽ  ജുമുഅ പ്രാർത്ഥനക്കായി   തിരെത്തെടുത്തത് ഡൽഹി ജുംആ മസ്ജിദ് ആയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഓൾഡ് ഡെൽഹിയിലെ ഫുഡ് സ്ട്രീറ്റിൽ നിന്നും മുഗൾ കാലഘട്ടത്തിലെ രുചികളും ആസ്വദിച്ച് 'റെഡ് ഫോർട്ട്' ലക്ഷ്യമാക്കി നടന്നു.
                       ഡൽഹി ജുമാ മസ്ജിദ്
അപ്പോഴേക്കും നന്നേ ക്ഷീണിതരായിരുന്നു ഞങ്ങൾ. റെഡ് ഫോർട്ട് സന്ദർശിച്ച ശേഷം കുത്തുബ് മീനാർ കാണെണമെന്നുണ്ടായിരുന്നെങ്കിലും ക്ഷീണം ഞങ്ങളെ അതിന് അനുവദിച്ചില്ല. അങ്ങനെ ഞങ്ങൾ യാത്രയുടെ അവസാനത്തെ സന്ദർശന സ്ഥലമായ 'ഹസ്റത്ത് നിസാമുദ്ദീൻ' ദർഗ്ഗയിലേക്ക് യാത്രയായി. ഗൂഗിൾ മാപ്പിൽ നിസാമുദീൻ ദർഗ്ഗ തിരഞ്ഞപ്പോൾ 'ഹുമയൂൺസ് ടോമ്പ്' അതിന് തൊട്ടടുത്താണന്ന് മനസ്സിലായി. അവധിയാണെങ്കിലും അവിടേക്ക് എത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവറുടെ ചതി മനസ്സിലായത്. 'ഹുമയൂൺസ് ടോമ്പ്' തുറന്നിരിക്കുകയാണ് , സഞ്ചാരികൾ സ്മാരകവും സന്ദർശിച്ച് മടങ്ങിവരുന്നത് കണ്ടപ്പോൾ എന്നിൽ സങ്കടവും ദേഷ്യവും അണപൊട്ടി, എൻ്റെ കണ്ണുകൾ നിറഞ്ഞു. ഒരിക്കൽ കൂടെ ഇവിടെ വരുമെന്ന് മനസ്സിലുറപ്പിച്ച് ദർഗ്ഗയിലേക്ക് നടന്നു. അവിടെ ഹസ്റത്ത് നിസാമുദ്ദീൻ (റ) ഖബറിടവും സന്ദർശിച്ച് അവിടുത്തെ പ്രസിദ്ധമായ ഖവാലിയിലും ലയിച്ച്ചേർന്ന് ഡൽഹിയോട് യാത്ര പറഞ്ഞു.......
        നിസാമുദ്ദീൻ ദർഗ്ഗയിലെ പ്രശസ്തമായ                                           ഖവാലി

തിരികയുള്ള യാത്രയിൽ നാളെയുടെ ഇന്ത്യയെക്കുറിച്ചുള്ള ചിന്തകൾ എന്നിൽ ആശങ്കഉയർത്തി... വൃത്തിയിലും പൗരബോധത്തിലും നമ്മൾ ഭാരതീയർ എന്തുകൊണ്ടാകാം ഇത്രയും പിന്നിലായതെന്ന ചിന്ത എൻ്റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ലോക നിലവാരത്തിലേക്ക് എത്താൻ ഇനിയും നമ്മൾ കാതങ്ങൾ കാത്തിരിക്കണമെന്നത് എന്നിൽ നിരാശപടർത്തി.....

 അപ്പോഴും ആ യാത്രയിൽ അനുഭവിച്ചറിഞ്ഞവരിൽ  ആരായിരിക്കാം ഇന്ത്യയുടെ യഥാർഥ 'ചക്രവർത്തിയെന്നത് ' എന്നിലെ കൗതുകത്തെ ഉണർത്തിക്കൊണ്ടിരുന്നു.....  സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ട വൃദ്ധനായ ആ മനുഷ്യൻ ആരായിരിക്കാം...... എൻ്റെ ചിന്തകൾക്ക് നിറം പിടിച്ചു........

                                            🖊️എഴുത്ത്

                                           Shafi Bin Umar©️


സഹയാത്രികൻ: അൽ അമീൻ എം നഹാസ്