ഒക്ടോബർ മാസ കലണ്ടറിലെ ചുവന്ന അക്കങ്ങൾ എന്നിലെ യാത്രികനെ തൊട്ടുണർത്തി.സൗഹൃദ വലയത്തിലെ നീണ്ട ചർച്ചകൾക്കുശേഷം ഒരിക്കൽ കൂടി ഇടുക്കി എന്ന സുന്ദരിയെ ലക്ഷ്യ സ്ഥാനമായി ഞങ്ങൾ തീരുമാനിച്ചു. എത്രയധികം ഇടങ്ങളുണ്ടായിട്ടും ആ സ്വർഗ്ഗഭൂമിയിൽ ഒന്നുകൂടി അലിഞ്ഞു ചേരാമെന്നോർത്തു.
അങ്ങനെ യാത്രയുടെ പ്ലാൻ തയ്യാറാക്കപ്പെട്ട് ഒന്നാം തീയതി തന്നെ ഞങ്ങൾ എട്ട് സുഹൃത്തുക്കൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിന്ന് വൈകുന്നേരം വഞ്ചിനാട് എക്സ്പ്രസ്സിൽ യാത്ര തിരിച്ചു.
ഇടുക്കിക്കാരനായ സുഹൃത്തിന്റെ വീടാണ് ഇന്നത്തെ ലക്ഷ്യസ്ഥാനം. കോട്ടയത്ത് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ തൊടുപുഴക്കുള്ള ബസ്സിൽ യാത്ര തുടർന്ന് ഏകദേശം രാത്രി 12 മണിയോടെ അവിടെ എത്തിച്ചേർന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ എല്ലാവരും മതിയാവോളം ആഹാരവും കഴിച്ച് കുശലങ്ങളും പങ്ക് വെച്ച് ഉറങ്ങാൻ കിടന്നു. പിറ്റെദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം രണ്ടു കാറുകളിലായി ഞങ്ങൾ യാത്ര ആരംഭിച്ചു. എന്റെ മറ്റൊരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം പൂമാല വഴിയാണ് ഇടുക്കിയിലേക്കുള്ള യാത്ര. അവിടെ എത്തുമ്പോഴേക്കും ഞങ്ങളെയും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ സൽക്കാരവും കഴിഞ്ഞ് ഞങ്ങൾ 'ഞണ്ടുറിക്കി വെള്ളച്ചാട്ടം' കാണുവാൻ യാത്രയായി. താഴ്ഭാഗത്തായി വാഹനം പാർക്ക് ചെയ്ത് കുത്തനയുള്ള കയറ്റം കയറി വേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തിച്ചേരുവാൻ. കോൺക്രീറ്റ് ചെയ്ത ഇടവഴി ഇടക്കിടക്ക് കൈവരികൾ നൽകി സുരക്ഷിതമായിട്ടുണ്ട്. ഇരു വശത്തും വൃക്ഷ ലതാദികൾ സഞ്ചാരികളെയും കാത്തെന്നവണ്ണം തളിരിട്ട് നിൽക്കുന്നു. കാഴ്ചയിൽ അവിടെയാകെ എന്തോ പൂത്തുലഞ്ഞ് നിൽക്കുന്ന പ്രതീതി സൃഷ്ടിച്ചാണ് അവയുടെ നിൽപ്പ്.
മുകളിലെത്തുന്നവരെയും കാത്ത് വളരെ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ദൃശ്യമാണ് പ്രകൃതി അവിടെ ഒരുക്കിവെച്ചിരിക്കുന്നത്. കുറച്ച് സാഹസികമായാണങ്കിലും ഞങ്ങളിൽ ചിലർ പാറയിടുക്കുകൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്റെ നേരെ താഴ് ഭാഗത്തെത്തി അതിന്റെ വന്യത കൂടി ആസ്വദിച്ചു. ശേഷം പടവുകളിറങ്ങി വാഹനത്തിൽ കയറിയതും മഴയാരംഭിച്ചതും ഒരുമിച്ചായിരുന്നു. അതുവരെ ഉണ്ടായിരുന്ന പ്രകൃതിയുടെ ഭാവം പൊടുന്നനെ മാറി അതിശക്തമായ മഴയാരംഭിച്ചു. എന്റെ സുഹൃത്തിനോട് വിടപറഞ്ഞ് ഇടുക്കി ഡാം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഇടുക്കിയോടൊപ്പം മഴമേഘങ്ങളും ഞങ്ങളെ വരവേൽക്കാൻ മത്സരിക്കുകയാണെന്ന് എനിക്ക് തോന്നി. ഇടവഴികളിലൂടെയുള്ള യാത്ര മിഴികൾക്ക് കുളിർമ്മ പകർന്നുകൊണ്ടിരിന്നു. ഇതിനിടയിൽ മഴ അതിന്റെ ശക്തി തെല്ലൊന്ന് കുറച്ചു. അന്തരീക്ഷമാകെ കോടമഞ്ഞാൽ മൂടിപ്പുതച്ച് നിൽക്കുകയാണ്. കോടമഞ്ഞ്,തണുപ്പ്, ചാറ്റൽ മഴ, ...... ഒരു യാത്രാസ്വാദനത്തിന് വേണ്ടതെല്ലാം ഒരുക്കിത്തന്ന് പ്രകൃതിയും ഞങ്ങളോടൊപ്പം കൂട്ട് ചേർന്നു.
ഇടുക്കിലേക്കുള്ള യാത്രാ വഴിയിൽ...
കുളമാവ് ഡാമിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ ദിശാഫലകങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഉച്ചയോടെ ഞങ്ങൾ ഡാം പരിസരത്ത് എത്തിച്ചേർന്നു. അവിടമാകെ കോടമഞ്ഞ് വിരിച്ച് പതിവിലും ഭംഗിയൊരുക്കി നിൽക്കുകയാണ്. ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്കുണ്ടായതിനാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹാരിത മനസ്സിൽ മായാത്ത വിധം കോറിയിട്ട് ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു. ഉച്ചയായതിനാൽ ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഡാമിൽ നിന്നും വളരെ അടുത്ത് തന്നെ ഞങ്ങൾ ഒരു ഹോട്ടൽ കണ്ടെത്തി ഭക്ഷണം കഴിച്ചു, ഊണും മീൻ വറുത്തതുമടക്കമുള്ള വിഭവങ്ങൾ രുചികരമായിരുന്നു. പിന്നീട് ചെറുതോണി, ഇടുക്കി ആർച്ച് ഡാം എന്നിവ സന്ദർശിച്ച ശേഷം ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ കാൽവരി മൗണ്ടിലേയ്ക്ക് യാത്ര തുടർന്നു. യാത്രയിൽ ആർച്ച് ഡാം നിർമ്മാണത്തിലെ സാങ്കേതിക വശങ്ങൾ ചർച്ചയിൽ ഇടം പിടിച്ചു. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ സുഹൃത്തുക്കൾ ആർച്ച് ഡാമിന്റെ 'ഡബിൾ കർവേച്ചർ' സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവുകളും മറ്റും വിവരിച്ച് തന്നു. അപ്പോഴേക്കും ഞങ്ങളുടെ വാഹനം 'കാൽവരി മൗണ്ട് ' വ്യൂ പോയിന്റിലേക്ക് അടുത്തിരുന്നു. അവിടേക്കുള്ള വഴികൾ കോൺക്രീറ്റ് ചെയ്ത് ഭംഗിയാക്കിയിരുന്നതിനാൽ യാത്ര വളരെ സുഗമമായിത്തീർന്നു.
അവിടെയും അന്തരീക്ഷമാകെ കോടമഞ്ഞ് മൂടി നിൽക്കുകയാണ്.
കാഴ്ചാ മണ്ഡലത്തിനാകെ തടസ്സമാകുവിധം അവിടമാകെ മഞ്ഞ് വെള്ള വിരിച്ച് കിടക്കുന്നു. ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോൾ തന്നെ പലരും വ്യൂ പോയിന്റ് കാണാൻ കഴിയാത്തതിലുള്ള നിരാശ പങ്കു വെച്ച് നടന്നകലുന്നത് കാണാമായിരുന്നു. അവിടെത്തെ ദ്യശ്യ ഭംഗി ആസ്വദിക്കാൻ കഴിയില്ല എന്നത് ഞങ്ങളെ നിരാശരാക്കി. എല്ലാവരും വ്യൂ പോയിന്റിലേക്ക് ഇറങ്ങിയെങ്കിലും കോടമഞ്ഞ് മാത്രമാണ് കാഴ്ചയിലുള്ളത്. ഇടക്കിടക്ക് ചാറ്റൽ മഴ വന്നു പോകുന്നുണ്ട്. സാവധാനം കാലാവസ്ഥ അനുകൂലമായിത്തുടങ്ങിയിരിക്കുന്നു. ക്ഷമയോടെ കാത്ത് നിന്നാൽ പ്രകൃതി അതിന്റെ ദൃശ്യ വിരുന്നൊരുക്കുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആ തോന്നലുകൾ സാധൂകരിക്കും വിധം കോടമഞ്ഞ് സാവധാനം നീങ്ങിത്തുടങ്ങി. ഇടുക്കി, ചെറുതോണി ഡാമുകളുടെവൃഷ്ടി പ്രദേശമാണ് കാൽവരി മൗണ്ട് വ്യൂ പോയിന്റിൽ നിന്നും ദൃശ്യമാകുന്നത്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3600 അടി ഉയരത്തിലാണ് കാൽവരി മൗണ്ട് വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. ഒരു കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രമെന്നത് പോലെ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളും ആവാസ വ്യവസ്ത്ഥയും മലനിരകളുമെല്ലാം അവിടെ നിന്നും ദൃശ്യമാകും. കാർമേഘങ്ങൾക്കിടയിലൂടെ സൂര്യൻ അസ്തമിക്കാൻ വെമ്പൽ കൊളളുന്ന മനോഹരമായ കാഴ്ചയ്ക്കും ഞങ്ങൾ സാക്ഷ്യം വഹിച്ചു. അവിടെ കണ്ട കാഴ്ചകൾ എല്ലാവരിലും വല്ലാത്ത ഒരു അനുഭൂതി സൃഷ്ടിച്ചു. മതിവരുവോളം സമയം ചിലവഴിച്ച് ചിത്രങ്ങളും പകർത്തി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിക്കാനായി ഞങ്ങൾ കാറിനടുത്തെത്തി.ഫോണിൽ ആരോ വിളിക്കുന്നുണ്ട്. സൂര്യനെല്ലിയിൽ ഇന്ന് കഴിച്ച് കൂട്ടാനായി പറഞ്ഞു വെച്ച കോട്ടേജ് ലഭ്യമല്ലന്നറിഞ്ഞു. മറ്റൊന്നിനായി തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കൊളുക്കുമലയിൽ സൂര്യോദയം കാണാൻ കാത്തിരുന്ന ഞങ്ങളെല്ലാവരും നിരാശയിലായി. തൽകാലം കട്ടപ്പന ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. സമയം ഏഴര കഴിഞ്ഞിരിക്കുന്നു, എല്ലാവർക്കും നല്ല വിശപ്പനുഭവപ്പെടുന്നുണ്ട്. കട്ടപ്പനക ടൗണിനടുത്ത് 'പെപ്പർ മിന്റ് ' എന്ന് പേരുള്ള ഒരു റെസ്റ്റോറന്റ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതിന്റെ അകത്തളങ്ങൾ ഇരുണ്ട പശ്ചാത്തലത്തിൽ 'വാം ലൈറ്റുകൾ' നൽകി മനോഹരമാക്കി ഒരുക്കിയിരുന്നു. പണമില്ലാത്തവർക്കും ഭക്ഷണം കൊടുക്കുന്ന ഒരിടം. അവിടെ ഭക്ഷണം ഓർഡർ നൽകിയ ശേഷം രാത്രി എവിടെ കഴിച്ച് കൂട്ടണമെന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. രാമക്കൽമേടിൽ താമസ സൗകരം ലഭ്യമാണോ എന്നന്വേഷിച്ചറിഞ്ഞു . ഭക്ഷണം എത്തുമ്പോഴേക്ക് താമസിക്കുവാനുള്ള മുറികൾ ഓൺലൈനായി ബുക്ക് ചെയ്തു. അതീവ രുചികരമായ ഭക്ഷണത്തിനൊപ്പം പറഞ്ഞറിയിക്കാൻ ആകാത്ത
'ആമ്പിയൻസ് ' കൂടി ആയപ്പോൾ എല്ലാവർക്കും മനസ്സു നിറഞ്ഞു. പണമില്ലാത്തവർക്ക് ഭക്ഷണം നൽകുന്നതിലെ രഹസ്യവും മനസ്സിലാക്കി ഞങ്ങൾ രാമക്കൽമേട് ലക്ഷ്യമാക്കി യാത്ര തുടർന്നു.ഏകദേശം പത്ത് മണിയോടടുത്ത് ഞങ്ങൾ അവിടെ എത്തിച്ചേർന്നു. റൂമിലെത്തി ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയിൽ ഇടുക്കിക്കാരനായ സുഹൃത്തിന്റെ അടുത്ത ബന്ധു മരണപ്പെട്ടതായി വാർത്തയെത്തി. രാവില തന്നെ ഖബറടക്കം ഉണ്ടാകുന്നതിനാൽ അവന് ഉടൻ തിരികെ പോകേണ്ടതുണ്ട്. പുലർച്ചെ നാല് മണിക്ക് കട്ടപ്പനയിൽ നിന്നുള്ള കെ.എസ്. ആർ.റ്റി.സി ബസ്സിൽ അവനെ യാത്രയാക്കി ഞാനും മറ്റൊരു സുഹൃത്തും രാമക്കൽമേടിന് മടങ്ങിയെത്തി.രാവിലെ തന്നെ രാമക്കൽമേട് കുറവൻ കുറത്തി പ്രതിമയും വ്യൂ പോയിന്റിലെത്തി. അവിടെ അതി ശക്തമായ കാറ്റനുഭപ്പെടുന്നുണ്ട്. തമിഴ് ഗ്രാമങ്ങളും കൃഷിയിടങ്ങളുമെല്ലാം വിദൂരക്കാഴ്ചകയിൽ കണ്ട് ഞങ്ങൾ അവിടെ നിന്നും സൂര്യനെല്ലി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു.
ഏറ്റവും ഊർജ്ജസ്വലനായ ഒരാൾ യാത്രാ മധ്യേ വഴി പിരിഞ്ഞതിലെ പരിഭവം എല്ലാവരും പങ്കുവെച്ചു. പൂപ്പാറ വഴി മൂന്നാർ ഗ്യാപ്പ് റോഡിൽ എത്തിയ ഞങ്ങളെ കാത്തിരുന്നത് കാഴ്ചയുടെ വിസ്മയ ലോകമായിരുന്നു. സ്വർഗ്ഗ ഭൂമിയിലുള്ള പാതയെന്നവണ്ണം മനോഹരമായൊരിടം പ്രകൃതി കാഴ്ചക്കാർക്കായി തുന്നിട്ടിരിക്കുന്നു. കടന്ന്പോകുന്ന വഴിയിൽ ആനയിറങ്ങൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെയും പച്ച വിരിച്ച് നിൽക്കുന്ന തെയ്ല തോട്ടങ്ങളുടെയും മനോഹാരമായ ദൃശ്യങ്ങൾ. യാത്രാസ്വാദനം പാരമ്യതയിൽ എത്തിക്കാനെന്നവണ്ണമെത്തിയ കോടമഞ്ഞ് കൂടിയായപ്പോൾ മറ്റേതോ ലോകത്തെത്തിയ പ്രതീതി. ഏതൊരു യാത്രികനും ഒരിക്കലെങ്കിലും സഞ്ചരിച്ചിരിക്കേണ്ട സ്വപ്ന പാതയാണ് ലിങ്ക് റോഡന്നെനിക്ക് തോന്നി. ആനയിറങ്ങൽ ഡാം വൃഷ്ടിപ്രദേശം
ഏകദേശം പതിനൊന്ന് മണിയോട് കൂടി സൂര്യനെല്ലിയിൽ എത്തിച്ചേരുമ്പോൾ പറഞ്ഞ് ഏർപ്പാടാക്കിയിരുന്ന ജീപ്പ് ഡ്രൈവർ ഞങ്ങളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ആറാളുകൾക്ക് രണ്ടായിരം രൂപയാണ് സൂര്യനെല്ലിയിൽ നിന്നും കൊടുക്കുമലക്കുള്ള ഒന്നര മണിക്കൂറോളം ദൈർഘ്യം വരുന്ന ഓഫ് റോഡ് യാത്രക്ക് ചിലവാകുന്നത്.ആ യാത്രയാണ് കൊളുക്കു മലയുടെ ഭംഗി ആസ്വദിക്കാനുള്ള മനദണ്ഡമെന്ന് തോന്നലുണ്ടാക്കും വിധം ദുർഘടമാണ് യാത്രാ വഴികൾ.ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓർഗാനിക് റ്റീ പ്ലാന്റേഷനാണ് കൊളുക്കുമലയിലേത്. സമുദ നിരപ്പിൽ നിന്നും ഏകദേശം 7900 അടി ഉയത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ദുർഘടമായ വഴിയിടങ്ങൾക്കിരുവശവും മനം നിറയ്ക്കുന്ന കാഴ്ചകളാണ്. പ്ലാന്റേഷൻ തൊഴിലാളികൾ തെയ്ല നുള്ളുന്നതും അവ വാഹനങ്ങളിൽ ശേഖരിക്കുന്നതുമെല്ലാം ഒരു കാഴ്ചാ വിരുന്നുതന്നെയാണ്. തോട്ടം തൊഴിലാളികൾ
കേരളാ തമിഴ്നാട് അതിർത്തിയിലുള്ള തേനി ജില്ലയിലെ ബോഡിനായ്ക്കനൂർ താലൂക്കിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങൾ കൊളുക്കുമല സൺറൈസ് വ്യൂ പോയിന്റിൽ എത്തിച്ചേർന്നു. മുൻപൊരിക്കൽ ഞാൻ കണ്ട 'സീറോ വിസിബിലിറ്റി' കാഴ്ചകൾക്കപ്പുറം കോട കുറഞ്ഞ 'സെമി വിസിബിൾ' കാഴ്ചാനുഭവമാണ് പ്രകൃതി അവിടെ ഒരുക്കി വെച്ചിരുന്നത്. കോടമഞ്ഞ് കുറവായതിനാൽ 'സൺ റൈസ് വ്യൂ' പോയിന്റിൽ നിന്ന് തമിഴ്നാടിന്റെയും തിപ്പടി മലയുടെയും ഭാഗീകമായ കാഴ്ചകൾ ദൃശ്യമായിരുന്നു.ഓഫ് റോഡ് യാത്രയുടെ ക്ഷീണമകറ്റിയശേഷം ശേഷം അവിടുത്തെ 'ടൈഗർ ഹെഡ് റോക്ക്' പശ്ചാത്തലമായി ചിത്രങ്ങളും പകർത്തി പ്രകൃതിയുമാസ്വദിച്ച് ഞങ്ങൾ തിരികെ നടന്നു.
പൊടുന്നനെ അവിടെ എത്തിയവർക്കായെന്നവണ്ണം കോടമഞ്ഞ് മാറിനിന്ന് തിപ്പടി മലയുടെ പൂർണ്ണമായ ഒരു കാഴ്ച അൽപനേരം തെളിഞ്ഞു വന്നു. തിപ്പടി മലയും കാഴ്ചകളും പൂർണ്ണമായി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഞങ്ങൾ കൊടുക്കുമല ഇറങ്ങാൻ തുടങ്ങി.
കൊളുക്കുമല സന്ദർശിച്ച് അവിടുത്തെ പ്രധാന ആകർഷണങ്ങളായ സൂര്യോദയം, തിപ്പട മല, ക്ലൗഡ് ബെഡ് എന്നീ മൂന്ന് അഥിതികളെ ഒരുമിച്ച് കാണാൻ ഒരിക്കൽ കൂടെ എത്തണമെന്ന് മനസ്സിലുറപ്പിച്ച് ഞാനും സുഹൃത്തുക്കളും ജീപ്പിനരികെയെത്തി. തിരികെയുള്ള യാത്രയിൽ ആ മനോഹരമായ താഴ്വരയുടെ ചിത്രങ്ങളും പകർത്തി ഏകദേശം രണ്ടരയോടെ സൂര്യനെല്ലിയിൽ തിരികെയെത്തി.
അവിടെനിന്നും ഉച്ച ഭക്ഷണവും കഴിച്ച് ഞങ്ങളുടെ വാഹനം മൂന്നാറിലേക്ക് യാത്ര തിരിച്ചു.
ഏകദേശം അഞ്ചു മണിയോടടുത്ത് മൂന്നാർ ടൗണിൽ എത്തിയ ഞങ്ങൾ വാഹനങ്ങളിൽ ഇന്ധനവും നിറച്ച് വട്ടവട ലക്ഷ്യമാക്കി യാത്ര തുടർന്നു. മൂന്നാറിൽ നിന്നും ഏകദേശം നല്പ്പത്തി അഞ്ചോളം കിലോമീറ്റർ അകലെയാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. കടന്ന്പോകുന്ന വഴിയിൽ മൂന്നാറിലെ മുഖ്യ ടൂറിസ്റ്റ് ആകർഷണങ്ങളായ മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളെല്ലാം തന്നെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിന്നത് കാണാം. കൂടുതൽ ഇരുട്ടു പരക്കുന്നതിന് മുൻപ് വട്ടവടയിലേക്കുള്ള ചെക്ക്പോസ്റ്റ് കടക്കേണ്ടതുള്ളതിനാൽ ഒരു ബ്ലാക്ക് കോഫിയും കുടിച്ച് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നു. വട്ടവടയിലേക്ക് കടക്കണമെങ്കിൽ അവിടുത്തെ താമസത്തിന്റെ ബുക്കിംഗ് വിശദാംശങ്ങൾ ചെക്ക് പോസ്റ്റിൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ചെക്ക് പോസ്റ്റിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഞങ്ങൾ പാമ്പാടും ചോല ദേശീയ ഉദ്യാനത്തിനരികിലലൂടെ യാത്ര തുടർന്നു. റോഡിനിരുവശങ്ങയിലും യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങൾ ഇടതൂർന്ന് നിൽക്കുകയാണ്.
ഇരുട്ടു പരന്ന വഴിയിൽ ഇടക്കിടക്ക് വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. ടൗണിനോടടുക്കുമ്പോഴേക്കും റിസോർട്ടുകളും വ്യാപാര സ്ഥാപനങ്ങളും കണ്ടു തുടങ്ങി. ഏകദേശം ഏഴര മണിയോടെ ഞങ്ങൾ വട്ടവട ടൗണിൽ എത്തിച്ചേർന്നു. കേരളത്തിലാണ് സ്ഥിതി ചെയ്യുന്ന തെങ്കിലും തമിഴ് സംസ്കാരത്തോടുള്ള വിധേയത്വം അവിടെ എല്ലായിടത്തും ദൃശ്യമാണ്. കേരളത്തിൽ ക്യാരറ്റും പഴവർഗ്ഗങ്ങളും കിഴങ്ങുമെല്ലാം ധാരാളമായി കൃഷി ചെയ്യുന്നിടമാണിവിടം.'മഡ് ഹൗസിലാണ് ' ഞങ്ങൾ ഇന്നത്തെ താമസം തരപ്പെടുത്തിയിരിക്കുന്നത്. അതിന്റെ നടത്തിപ്പുകാരൻ ഞങ്ങൾക്ക് വഴി കാട്ടുന്നതിനായി വട്ടവട ടൗണിലേക്ക് എത്തിയിരുന്നു. അയാളെ പിന്തുടർന്ന് ഏകദേശം എട്ടുമണിയോടടുത്ത് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു. എല്ലാവർക്കും നല്ല ക്ഷീണം അനുഭപ്പെടുന്നുണ്ട് . തണുപ്പകറ്റാനായി നൽകിയ ബ്ലാക്ക് കോഫി എല്ലാവർക്കും ആശ്വാസമായി. അൽപ നേരത്തിന് ശേഷം അവിടെ തയ്യാറാക്കിയ രാത്രി ഭക്ഷണമെത്തി.ചപ്പാത്തിയും നാടൻ രുചിക്കൂട്ടുകളാൽ തയ്യാറാക്കിയ ചിക്കൻ കറിയുമായിരുന്നു വിഭവങ്ങൾ. കുശലങ്ങളും വിശപ്പിന്റെ കാഠിന്യവും ഭക്ഷണത്തെ അതീവ രുചികരമാക്കി.
ഭക്ഷണ ശേഷം വീട്ടുടമയോട് അവിടുത്തെ ജനങ്ങളുടെ ജീവിത രീതിയെക്കുറിച്ചും കൃഷി വൈവിധ്യങ്ങളെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു .അവിടുത്തെ ആദിവാസി സമൂഹങ്ങളെക്കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം അയാൾ വാചാലനായി.
മഡ് ഹൗസ്
യാത്രാ ക്ഷീണവും തണുപ്പിന്റെ കാഠിന്യവും ഞങ്ങളെ മഡ് ഹൗസിലേക്ക് കയറാൻ നിർബന്ധിതരാക്കി. ഊഷ്മാവ് നിയന്ത്രിക്കുന്നതിൽ മഡ് ഹൗസിന് സവിശേഷമായ പങ്കാണുള്ളത്. അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ മഡ് ഹൗസുകളിലെ താപനില കൂടി നിൽക്കുകയും, പുറത്തെ ഊഷ്മാവ് കൂടിയിരിക്കുമ്പോൾ മഡ് ഹൗസിലെ താപനില കുറഞ്ഞിരിക്കുകയും ചെയ്യും.തണുപ്പിൽ നിന്നും ലഭിച്ച ആ ചെറിയ ആശ്വാസത്തിൽ ഞങ്ങളെല്ലാം സുഖകരമായ നിദ്രയിലാണ്ടു.
പിറ്റേ ദിവസത്തെ പുലർകാല കാഴ്ചകൾ നയന മനോഹരമായിരുന്നു. മലനിരകൾക്ക് സുവർണ്ണനിറം പൂശി സൂര്യൻ ഉദിച്ചുയരുന്നുണ്ട്. കൃഷി ഭൂമികൾ പുതിയ സീസണിലെ ഉൽപാദനത്തെ വരവേൽക്കാനെന്നവണ്ണം ഉഴുത് പാകപ്പെടുത്തിയിട്ടിരിക്കുന്നു. ചിലയിനം പയറുവർഗ്ഗങ്ങളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയുമെല്ലാം വിത്തുകൾ മുളച്ച് തുടങ്ങിയിട്ടുണ്ട്. ആ കാഴ്ചകളെല്ലാം മതിവരുവോളമാസ്വദിച്ച് ഞങ്ങൾ മഡ് ഹൗസിൽ നിന്നും യാത്ര പറഞ്ഞിറങ്ങി. പോകുന്ന വഴിയിൽ ഒരു സ്ട്രോബറി ഫാം കൂടി സന്തർശിച്ച ശേഷം ഞങ്ങൾ മൂന്നാർ ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തുടർന്നു.
അങ്ങനെ എകദേശം പത്ത് മണിയോടെ ഞങ്ങൾ ടോപ്പ് സ്റ്റേഷനിൽ എത്തിച്ചേർന്നു. ജനബാഹുല്യത്താൽ വാഹനം പാർക്ക് ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് അവിടെയുണ്ടായിരുന്നത്. വാഹനം വല്ലവിധേനയും പാർക്ക്ചെയ്ത് ടോപ് സ്റ്റേഷന്റെ കാഴ്കളും കണ്ട് മൂന്നാർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു. പോകുന്ന വഴിയിൽ കുണ്ടള ഡാം കൂടെ സന്ദർശിച്ച ശേഷം മൂന്നാർ ടൗണിൽ എത്തിച്ചേർന്നു .അവിടെ ചെറിയ ഷോപ്പിങ്ങും പൂർത്തിയാക്കി വാഹനം അടുത്ത ലക്ഷ്യസ്ഥാനമായ കോതമംഗലത്തേക്ക് യാത്ര ആരംഭിച്ചു.
ഇടുക്കിക്കാരൻ സുഹൃത്തിന്റെ ഭാര്യാ വീട്ടലാണ് രാത്രി ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ അവന്റെ ഫോൺ വിളികൾ തുടരെ വന്ന് കൊണ്ടിരിക്കുന്നുണ്ട്. അവന്റെ നിർദ്ദേശപ്രകാരം ഏകദേശം നാലര മണിയോടെ നേര്യമംഗലത്തിനടുത്തുള്ള ഇഞ്ചത്തൊട്ടിയിൽ എത്തിച്ചേർന്നു.
കേരളത്തിലെ ഏറ്റവും നീളം കൂടിയ സസ്പെൻഷൻ ബ്രിഡ്ജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പെരിയാറിന് കുറുകെ ഭൂതത്താൻകെട്ട് ഡാമിന് പുൻപായാണ് തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ കീരംപാറ, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആ പാലത്തിലൂടെ മറുഭാഗത്തെത്തി ചിത്രങ്ങളും പകർത്തി ഞങ്ങൾ തിരികെയെത്തി. ഭൂതത്താൻ കെട്ട് ഡാം കൂടെ സന്തർശിച്ച ശേഷം ഏകദേശം രാത്രി ഏഴരയോടെ കോതമംഗലത്ത് എത്തിച്ചേർന്നു.അവിടെ എത്തിയ സ്ഥിതിക്ക് ഞാൻ പഠിച്ച 'എം.എ കോളേജ് ഓഫ് എൻജിനീറിംഗ്' കൂടെ സന്ദർശിക്കാതിരിക്കാൻ എനിക്ക് നിർവ്വാഹമില്ലായിരുന്നു.അവിടെ എത്തുമ്പോഴേക്ക് അന്നുണ്ടായിരുന്ന റോഡുകൾ ഉൾപ്പടെ പലകാര്യങ്ങളിലും പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണ്.പഠന കാലത്ത് മലർക്കെ തുറന്ന് കിടന്ന പ്രവേശന കവാടത്തിൽ വലിയ ഗേറ്റുകളും സെക്യൂരിറ്റി ക്യാബിനുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു.കോളേജ് സന്ദർശിക്കാൻ ആഗ്രഹിച്ച ഞങ്ങളെ നിരാശരാക്കിക്കൊണ്ട് കോളേജിനഅകത്തേക്ക് കടത്തിവിടാൻ നിർവ്വാഹമില്ലന്ന കാര്യം സെക്യൂരിറ്റി ഉദ്യോഗസ്തർ അറിയിച്ചു. കൂടെയുണ്ടായിരുന്ന എന്റെ അടുത്ത സുഹൃത്ത് തന്റെ സ്വതസിദ്ധമായ സംസാര രീതി കൊണ്ട് ഞങ്ങളുടെ ലക്ഷ്യം സാധ്യമാക്കിയെടുത്തു. കോളേജിലെ ഓരോ ബ്ലോക്കുകളും പ്രധാനപ്പെട്ട സ്ഥലങ്ങളുമെല്ലാം അവരെ പരിചയപ്പെടുത്തുന്നതിനിടയിൽ എന്റെ മനസ്സിലൂടെ കലാലയ ഓർമ്മകൾ മിന്നിമറഞ്ഞു. സൗഹൃദങ്ങളും പ്രണയവുമെല്ലാം പൂത്തുലഞ്ഞ ആ വഴിത്താരകൾക്ക് എന്താല്ലാമോ പറയാനുള്ളത് പോലെ എനിക്ക് തോന്നി.
അവിടുത്തെ ക്ലാസ് മുറികളും ഇടനാഴികളും കളിക്കളങ്ങളുമെല്ലാം പകർന്നുതന്ന അനുഭവങ്ങൾ സുഹൃത്തുക്കളോട് പങ്ക് വെച്ച് ഞങ്ങൾ തിരികെ നടന്നു.
അവിടെനിന്നും വളരെ അടുത്താണ് സുഹൃത്തിന്റെ ഭാര്യാഗൃഹം
സ്ഥിതി ചെയ്യുന്നത്.ഞങ്ങളെ സൽക്കരിക്കുവാനായി തീൻ മേശ നിറയെ വിഭവ സമൃദ്ധമായ ഭക്ഷണവുമാഒരുക്കി കാത്തിരിക്കകയായിരുന്നു അവർ. വയറും അതിലുപരി മനസ്സും നിറച്ച് അവർ ഞങ്ങളെ വീടുകളിലേക്ക് യാത്രയാക്കി. അങ്ങനെ ആ മനോഹരമായ യാത്ര അവിടെ അവസാനിച്ചു.
മഞ്ഞ് പെയ്തിടങ്ങളിലെ ദൃശ്യാനുഭൂതിക്കൊപ്പം ഊഷ്മളമായ സൗഹൃദത്തിന്റെയും ആസ്വാദനത്തിന്റെയും മനോഹര നിമിഷങ്ങൾ സമ്മാനിച്ച ആ യാത്രയുടെ ഓർമ്മകളും അയവിറക്കി നാട്ടിലേക്കുള്ള ബസ്സിൽ ഞാനിരുന്നു.
ഇടുക്കിയിലെ മനോഹരങ്ങളായ ഭൂമികൾക്കുമപ്പുറം അവിടങ്ങളിൽ കാഴ്ചകളുടെ ദ്യശ്യ വിസ്മയങ്ങൾ പെയ്തിറക്കിയത് ആരായിരിക്കാം.........എന്റെ ചിന്തകൾക്ക് വർണ്ണച്ചിറകുകൾ മുളച്ചു തുടങ്ങി........🖤
(സുഹൃത്തിനുള്ള സ്നേഹ സമ്മാനം)
🖋️എഴുത്ത്
ഇടുക്കിയുടെ സുന്ദരികൾ:- രാജകുമാരി, പൂമാല, പൂപ്പാറ, രാജമല, രാജാക്കാട്, സൂര്യനെല്ലി, വട്ടവട,മാട്ടുപ്പെട്ടി, ചെറുതോണി, മീശപ്പുലിമല,വാഗമൺ, പരുന്തുംപാറ,മതികെട്ടാൻ ചോല,പാമ്പാടും ചോല,മറയൂർ,കൊളുക്കുമല,രാമക്കൽമേട്.......
സഹയാത്രികർ:- ധനേഷ് എച്ച്.ഇ.ഡി, സുഹൈൽ എച്ച്. ഇ.ഡി, ആദർശ് ഹൗസിംഗ് ബോർഡ്, അനീഷ് എച്ച്. ഇ.ഡി, ശബരി എച്ച്. ഇ.ഡി, നിഖിൽ നാഥ് എച്ച്. ഇ.ഡി, കൈലാസ്.




50 Comments
❣️❣️❣️
ReplyDelete🖤
Deleteനല്ല യാത്ര വിവരണം, പൊളിച്ചു. നല്ല എഴുത്ത്..
ReplyDeleteThanks for feedback 🖤
DeleteSuper
ReplyDeleteMe too visited these places very very 🥰
🖤
DeleteBeautiful writing.....Keep up the good work
ReplyDeleteThanks for valuable feedback and support 💛
Deleteവളരെ മനോഹരമായ എഴുത്ത്... ഒരു യാത്ര പോയി വന്ന പോലെ.... 🥰🥰
ReplyDeleteThanks for the feedback.....💛
Deleteസംഭവം കൊള്ളാം.. നല്ല ഭാവി ഉണ്ട്...
ReplyDelete🖤
DeleteSuper
ReplyDelete🖤
Deleteഇപ്പൊ ഇവിടെ മഴ പെയ്യുകയാണ്...
ReplyDeleteവായിച്ചപ്പോൾ ഞാനും ഇടുക്കി വരെ പോയ അനുഭവം...
നല്ല എഴുത്ത്..🍒
സ്നേഹം🖤
DeleteSuper Mone super.... നല്ല എഴുത്ത്. ഈ കഴിവ് ഇത്രയും കാലം ഒളിപ്പിച്ചു വച്ചതെന്തിനാ. വായിക്കുമ്പോൾ നിങ്ങളോടൊപ്പം ഈ യാത്രയിൽ ഞാനും ഉണ്ടായിരുന്നതുപോലെ തോന്നി. ഇനിയും ഇതുപോലുള്ള യാത്രകളും എഴുത്തും പ്രതീക്ഷിക്കുന്നു 🥰
ReplyDeleteThanks for ur valuable feedback.....with love🖤
DeleteNice writing, keep going ikka
ReplyDeleteBy Ashique
Thnks bro for ur valuable feedback....... ഇഷ്ടം🖤
Deletekeep traveling.. keep writing
ReplyDeleteThanks bro.......🖤🥰
DeleteNice narration Shafi..!!!!🥰🥰🥰
ReplyDeleteU brought a real time travel feel..!!!
Thanks Aliyaaa for ur heartly feedback......🖤🥰
Delete❤️...,.....🖋️👌
ReplyDelete😘♥️
Delete🥰🥰🥰🥰🥰🥰
ReplyDelete🖤
Deleteമനോഹരമായ യാത്ര ചെയ്യുക അതിലും മനോഹരമായി അതിനെ എഴുതിയിടുക മനസ്സിൽ വല്ലാത്ത ഒരു ഫീൽ നൽകിയ വിവരണം. യാത്രികനായപോലെ എത്ര സുന്ദരമായാണ് നിങ്ങൾ ഓരോ പ്രധാന പെട്ട സ്ഥലങ്ങളും പകർത്തിയത്. പ്രകൃതിയുടെ മനോഹാരിത നിങ്ങൾ ഒപ്പിയെടുത്തതിൽ
ReplyDeleteഅസാധ്യ വൈബിൽ ആണ് എല്ലാ ഫോട്ടോകളും.. എല്ലാത്തിലും ഉപരി യാത്രയിലേക് മനസ്സിനെ മാടിവിളിക്കുന്നപോലെ ❤️❤️❤️❤️❤️
This comment has been removed by the author.
Deleteസുഹൃത്തും അതിലുപരി സഹോദരനും ആയവനേ..... ഇഷ്ടം♥️
Deleteഇതിപ്പോ ലാഭായീ ലോ..ഇനി ഈ റൂട്ട് ട്രിപ്പ് പോവുമ്പോൾ വേറെ എങ്ങും തപ്പി സമയം കളയണ്ടല്ലോ.. Well done my boy 🥰😘
ReplyDeleteAliyaaa.....♥️
DeletePoittvannu abhiprayam parayane.......🖤
ReplyDelete❤️❤️❤️❤️❤️
ReplyDelete😍
Delete🥰🥰🥰
ReplyDeleteHugs❤️
Delete👌💞
ReplyDelete❤️
Deleteമനോഹരം. പ്രകൃതിയെ അതി മനോഹരം ആയി വർണ്ണിച്ചിരിക്കുന്നു.... യാത്രകളെ വർണ്ണിക്കാൻ വരികൾക്ക് കഴിയുന്നുണ്ട്... വരികൾ വായിക്കുമ്പോൾ വായനക്കാർക്ക് ഒരു യാത്ര പോലെ ആസ്വദിക്കാൻ കഴിയുന്നുണ്ട്....
ReplyDeleteഎഴുത്തും യാത്രയും ഇനിയും ഒരേ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ...
എന്ന് ആശംസിക്കുന്നു.. 💕♥️🥰
Hugs❤️
Delete❤️❤️❤️
ReplyDelete💙
Deleteയാത്രയുടെ അനുഭവം വായനക്കാരിലേക്ക് ഒട്ടും കുറയാതെ പകർന്നു നൽകിക്കൊണ്ടുള്ള ഹൃദ്യമായ വിവരണം. ഇനിയും ഇതു പോലെയുള്ള ഒരുപാട് യാത്രകളും, യാത്ര വിവരണങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.👍🏻
ReplyDeleteThanks for the feed back
DeleteAwesome ❤️ keep writing.....
ReplyDelete💙
DeleteIkakka 👌👌 outstanding ..
ReplyDelete🙌💙
Delete