സൂഫിസം എന്ന ആശയത്തെ ഇന്ന് യാതൊരാളും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത വിധം അഗാധമായ ഇലാഹീ പ്രണയത്തിന്റെപ്രതീകമാക്കിയിരിക്കുന്നു ആധുനിക സമൂഹം. സൂഫീ ചിന്താധാരകൊണ്ട് വിശേഷാൽ ദക്ഷിണ കേരളത്തിലെ വലിയൊരു പറ്റം സാധാരണക്കാരെ  ആത്മീയതയുടെ  ഔന്നിത്യത്തിലേക്ക് നയിച്ച ദാരിമി ഉസ്താദിനെക്കുറിച്ച് എന്റെ മനസ്സിൽഓർമ്മകൾ പലപ്പോഴായി മിന്നിമറഞ്ഞു കൊണ്ടിരിന്നു. ഖാദിരിയ്യ സിൽസിലയുടെ അങ്ങേ കണ്ണിയായ ശൈഖ് ജീലാനിയുടെ വിയോഗ മാസമായ ഒരു റബീഉൽ ആഖിറിൽ അദ്ദേഹം അളളാഹുവിലേക്ക് വിളിക്ക് ഉത്തരം ചെയ്ത് മടങ്ങിയപ്പോഴേക്കും സൂഫീ സംഗീതേത്തേക്കാൾ എത്രയോ പതിൻമടങ്ങ് മധുരതരമാണ് നാഥന്റെ ദിക്റുകൾ എന്ന തലത്തിലേക്ക് തന്റെ സ്നേഹിതരെ ആസ്വാദനത്തിന്റെ നിർവ്വതിയിലേക്ക് എത്തിക്കാൻ മഹാനവർകൾക്ക് സാധിച്ചിരുന്നു .

തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ഇലാഹീ പ്രണയത്തിലും ഇബാദത്തിലുമായി കഴിച്ചു കൂട്ടിയ അദ്ദേഹം സൂഫിസ ചക്രവാള സീമയിലെ സൂര്യ തേജസ് ആയതിൽ അതിശയോക്തി ഇല്ലന്ന് പറയേണ്ടിവരും. ആ താരകത്തെ ജീവിത കാലത്ത് വേണ്ട വിധം മനസ്സിലാക്കാൻ കഴിയാത്തവരോളം ഹതഭാഗ്യർ വേറെയുണ്ടെന്ന് കരുതാനാവില്ല. അദ്ദേഹം പകർന്ന് നൽകിയ ആത്മീയ ചൈതന്യം കാത്ത് സൂക്ഷിക്കുന്ന വലിയൊരു വിഭാഗം മുഹിബ്ബീങ്ങൾ തസവ്വുഫിന്റെ പാത പിൻതുടർന്ന് നാഥനിലേക്കണയാനുള്ള പരിശ്രമങ്ങളിലാണ്.

ഞങ്ങൾ സ്നേഹാദരപൂർവ്വം ദാരിമി ഉസ്താദെന്നാണ് വിളിക്കാറുള്ളത്. ആ വിളിയിൽ വല്ലാത്ത ഒരു മഹബ്ബത്ത് തോന്നിയത് കൊണ്ടാവണം അങ്ങിനെ. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും എനിക്കും എന്റെ കുടുംബത്തിനും ഒരിക്കലും വിസ്മരിക്കാനാവാത്ത ഒന്നാണ്. ഒരിക്കൽ ക്ഷീണമധികരിച്ചപ്പോൾ ഒരാഴ്ചക്കാലം എന്റെ കൊച്ചു വീട്ടിൽ ഉസ്താദ്  കഴിച്ചു കൂട്ടാനായി തിരഞ്ഞെടുത്തിരുന്നു, അതായിരുന്നു അത്തച്ചിയുമായി ഉണ്ടായിരുന്ന ആത്മബന്ധം.
ഇതിനിടയിൽ കാലചക്രം കടന്നു പോയി , ഇലാഹിനോടുള്ള അടങ്ങാത്ത ഇഷ്ഖ് കാരണം പലപ്പോഴും ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താനാവാതെ വന്നു , പ്രമേഹം പോലുള്ള രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ വരെ ബാധിച്ചു. രക്തം മുഴുവൻ മാറ്റിക്കയറ്റണമെന്ന്  ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടപ്പോൾ നാഥന്റെ നാമങ്ങൾ അലിഞ്ഞു ചേർന്ന ആരക്തത്തുള്ളികൾ മാറ്റിക്കയറ്റുവാൻ അദ്ദേഹത്തിന്റെ മനസ്സ് വിസമ്മതമറിയിച്ചതാവണം . അവസാനമായി ഉസ്താദിനെ ഒരു നോക്ക് കാണുവാനായി ഞാനും കോഴിക്കോട് പറമ്പിൽ ബസാറിലെത്തിയപ്പൊൾ ജനനിബിടമായ ആ വീട് തേങ്ങലിലായിരുന്നു. അദ്ദേഹം നാഥനിലക്ക് യാത്രയാകുമ്പോൾ ഞാനറിയാതെ എന്റെ മിഴി നിറഞ്ഞ് കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു. ഒരു പുതിയ വീടൊരുക്കി അദ്ദേഹത്തിന് ഒരിക്കൽ കൂടി വിശ്രമമൊരുക്കണമെന്ന എന്റെ മോഹം ബാക്കിയാക്കി ആ സൂര്യ തേജസ് യാത്ര യാകുമ്പോൾ എന്റെ പിതാവിന് ഖാദിരിയാ തരീഖത്തിന്റെ ശൈഖിനെയും ആത്മ മിത്രത്തേയും ഈ ലോകത്ത് നിന്ന് നഷ്ടമായിരുന്നു. 


ആകാശ ലോകത്ത് ആ രാജപക്ഷി തന്റെ മുഹിബ്ബീങ്ങളെയും കാത്തിരിപ്പുണ്ടാവണം- സൂഫി സുഗന്ധം ആവോളം പകർന്നു നൽകാനായി💛


                                                                                                               🖊️എഴുത്ത്
                                                                                                            Shafi_Bin_Umar©️